രാഹുലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന് പിന്നാലെ അഞ്ജലി സങ്കടപ്പെട്ടിരുന്നെങ്കിലും ഇവരുടെ പിന്നീടുള്ള പെരുമാറ്റത്തിൽ പൊലീസിന് സംശയം തോന്നുകയായിരുന്നു.
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ യുവാവിനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്. യുവാവിനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേർന്ന്. അവിഹത ബന്ധം ഭർത്താവറിഞ്ഞതിന് പിന്നാലെ കാമുകനുമായി ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയത് ഭാര്യയാണെന്ന് പൊലീസ്. മൂന്ന് കുട്ടികളുടെ അമ്മയായ അഞ്ജലിയും ഇതേ ഗ്രാമത്തിലെ യുവാവായ അജയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ ഭർത്താവ് രാഹുൽ ചോദ്യം ചെയ്തു. ഇതോടെ അഞ്ജലിയും അജയും ചേർന്ന് ഇയാളെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് വിവരം.
ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ അഗ്വാൻപൂർ ഗ്രാമത്തിലാണ് ക്രൂര കൊലപാതകം നടന്നത്. രാഹുലിനെ ഗ്രാമത്തിലെ വയവിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തുന്നത്. മൂന്ന് വെടിയുണ്ടകൾ ഇയാളുടെ ശരീരത്തിൽ തറച്ച് കയറിയിരുന്നു. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. എന്നാൽ തുടരന്വേഷണത്തിൽ പൊലീസിന് അഞ്ജലിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി. രാഹുലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന് പിന്നാലെ അഞ്ജലി സങ്കടപ്പെട്ടിരുന്നെങ്കിലും ഇവരുടെ പിന്നീടുള്ള പെരുമാറ്റത്തിൽ പൊലീസിന് സംശയം തോന്നുകയായിരുന്നു. ഇതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തി.
അഞ്ജലിയെ പൊലീസ് നിരീക്ഷിക്കവെ ഇവർക്ക് ഗ്രാമത്തിലെ യുവാവുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇവരെ പൊലീസ് ചോദ്യം ചെയ്യാൻ തീരുമാനിച്ചതിന് പിന്നാലെ അഞ്ജലി ഗ്രാമത്തിൽ നിന്നും മുങ്ങി. അന്വേഷണത്തിൽ ഗ്രാമവാസിയായ അജയും വീട്ടിലില്ലെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്ത് വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ അജയ് കുറ്റം സമ്മതിച്ചു. അഞ്ജലി പറഞ്ഞതനുസരിച്ച് താനാണ് രാഹുലിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് അജയ് പൊലീസിന് മൊഴി നൽകി.
രാഹുൽ അവിഹിത ബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ അഞ്ജലിയെ ചോദ്യം ചെയ്തിരുന്നു. വിഷയത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് യുവതി ഭർത്താവിനെ വയലിലേക്ക് വിളിച്ച് വരുത്തി. ഇവിടെ അജയ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. തോക്കുമായി കാത്തിരുന്ന അജയ് രാഹുലിന് നേരെ മൂന്ന് തവണ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ഇവർ വീട്ടിലേക്ക് പോയി. പിറ്റേ ദിവസം നാട്ടുകാരാണ് രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തുന്നതും പൊലീസിനെ വിവരമറിയിക്കുന്നതും.


