Asianet News MalayalamAsianet News Malayalam

MIssionaries Of Charity : മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചു

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കേന്ദ്ര നീക്കം ഞെട്ടിച്ചുവെന്നും അംഗീകരിക്കാൻ സാധിക്കില്ലെന്നും മമതാ ബാനർജി പ്രതികരിച്ചു

mother teresas Missionaries Of Charity's Bank Accounts Frozen says mamata banerjee
Author
Delhi, First Published Dec 27, 2021, 4:19 PM IST

ദില്ലി:  മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ (Missionaries Of Charity) അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചു. മതപരിവർത്തനം ആരോപിച്ച് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഗുജറാത്ത് ഘടകത്തിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് നടപടി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് (Mamata Banerjee) ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കേന്ദ്ര നീക്കം ഞെട്ടിച്ചുവെന്നും അംഗീകരിക്കാൻ സാധിക്കില്ലെന്നും മമതാ ബാനർജി പ്രതികരിച്ചു.

''ക്രിസ്തുമസ് ദിനത്തിൽ കേന്ദ്ര സർക്കാർ മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ  മരവിപ്പിച്ചു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ  22,000 രോഗികളും ജീവനക്കാരും ഭക്ഷണവും മരുന്നുകളും ഇല്ലാതെ കഴിയുകയാണ്. കേന്ദ്രത്തിന്റെ ഈ നീക്കം അംഗീകരിക്കാൻ സാധിക്കില്ലെന്നും'' മമത ട്വീറ്റ് ചെയ്തു. എന്നാൽ വിഷയത്തിൽ മിഷണറീസ് ഓഫ് ചാരിറ്റി ഇതുവരേയും പ്രതികരിച്ചിട്ടില്ല. 

കുഷ്ഠരോഗികളെയും അനാഥരെയും ശുഷ്രൂഷിക്കാൻ മദർ തെരേസ രൂപീകരിച്ച മിഷണറീസ് ഓഫ് ചാരിറ്റിക്ക് എതിരെ കഴിഞ്ഞ ദിവസം ഗുജറാത്ത് പൊലീസ് കേസെടുത്തിരുന്നു. വഡോദരയിലെ മകർപുരയിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഷെൽട്ടർ ഹോമിൽ മതപരിവർത്തനം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കേസ്. ജില്ലാ സാമൂഹിക പ്രതിരോധ ഓഫീസറായ മയാങ്ക് ത്രിവേദിയുടെ പരാതിയിലാണ് മകർപുര പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് അക്കൌണ്ട് മരവിപ്പിച്ച നടപടി.

Follow Us:
Download App:
  • android
  • ios