ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മൂന്നു സംസ്ഥാനങ്ങളില്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതി ബിജെപിയ്ക്ക് തലവേദനയാവുന്നു. ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് അധിക പിഴത്തുക ചുമത്താനുള്ള വാഹന നിയമ ഭേദഗതി ബിൽ ബിജെപിക്ക് പ്രതിസന്ധിയാകുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാവുമെന്ന സൂചനകള്‍ക്കിടെയാണ് പുതുക്കിയ മോട്ടോർ വാഹന നിയമപ്രകാരം പിഴ കുറയ്ക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര രംഗത്തെത്തിയത്. ഇതിന് പിന്നാലെ ഡിസംബര്‍ 31 വരെ നിയമഭേദഗതി നടപ്പാക്കേണ്ടതില്ലെന്ന് ഝാര്‍ഖണ്ഡിലെ രഖുവർദാസ് സര്‍ക്കാര്‍ തീരുമാനിച്ചു. 

എണ്‍പത്തൊന്നംഗ നിയമസഭയില്‍ 46 അംഗങ്ങളാണ് ബിജെപി സഖ്യത്തിനുള്ളത്. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുമായി ചേര്‍ന്ന കോണ്‍ഗ്രസ് സഖ്യത്തിന് 16 സീറ്റിന്‍റെ മാത്രം കുറവാണുള്ളത്. ഡിസംബര്‍ വരെ ഇളവനുവദിച്ച് തെരഞ്ഞെടുപ്പിലെ തിരിച്ചടി ഒഴിവാക്കാനാണ് ബിജെപി സര്‍ക്കാരിന്‍റെ ശ്രമം.

അധിക പിഴ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുമെന്ന് ഹരിയാനയില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഹരിയാനയിൽ കോണ്‍ഗ്രസ് മോട്ടോര്‍ വാഹന നിയമ ഭേദഗതി തെരഞ്ഞെടുപ്പിൽ പിടിവള്ളിയാക്കുകയാണ്. ബിജെപിയുടെ മാതൃകാ സംസ്ഥാനമായ ഗുജറാത്തിന് വേണ്ടാത്ത നിയമഭേദഗതി ഹരിയാനയില്‍ നടപ്പാക്കുന്നത് എന്തിനെന്നായിരുന്നു പിസിസി അധ്യക്ഷ കുമാരി ഷെല്‍ജയുടെ ചോദ്യം. മഹാരാഷ്ട്രയും ഗോവയും കര്‍ണാടകയും പിഴ കുറയ്ക്കണമെന്നാവശ്യപ്പെട്ടെങ്കിലും നിയമ ഭേദഗതിയുമായി മുന്നോട്ട് പോവുകയാണ് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍.