സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ വലിയ പരിഷ്‌കാരമായിരുന്നു കാര്‍ഷിക നിയമങ്ങള്‍. സര്‍ക്കാര്‍ നിരാശരല്ല. ഇപ്പോള്‍ ഒരു ചുവട് പിന്നോട്ട് വെച്ചു. വീണ്ടും ഞങ്ങള്‍ മുന്നോട്ടുതന്നെ പോകും. കാരണം കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്-അദ്ദേഹം പറഞ്ഞു. 

നാഗ്പുര്‍: കാര്‍ഷിക നിയമങ്ങള്‍ (Farm laws) വീണ്ടും നടപ്പാക്കുമെന്ന് സൂചന നല്‍കി കേന്ദ്ര കൃഷിമന്ത്രി നടത്തിയ പ്രസ്താവന വീണ്ടും ചര്‍ച്ചയാകുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ബിജെപി പൂര്‍ണമായി കീഴടങ്ങിയിട്ടില്ലെന്ന സൂചനയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതായി പ്രധാനമന്ത്രി അറിയിച്ചത്. ബിജെപിയെ സംബന്ധിച്ച് അതി നിര്‍ണായകമാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരവും ലഖിംപുര്‍ ഖേരി സംഭവവും പടിഞ്ഞാറന്‍ യുപിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാകുമെന്ന് ചര്‍ച്ച ഉയര്‍ന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചത്. പിന്നീട് ശീതകാല സമ്മേളനത്തിന്റെ തുടക്കത്തില്‍ ഇരുസഭകളിലും നിയമങ്ങള്‍ റദ്ദാക്കി. 

മഹാരാഷ്ട്രയില്‍ പരിപാടിയില്‍ സംസാരിക്കവെയാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ കാര്‍ഷിക നിയമങ്ങള്‍ വീണ്ടും നടപ്പാക്കിയേക്കുമെന്ന സൂചന നല്‍കിയത്. വാര്‍ത്താഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നില്‍ ചിലയാളുകളുടെ ഇടപെടലാണെന്നും മന്ത്രി ആരോപിച്ചു. ''ഞങ്ങള്‍ കാര്‍ഷിക നിയമ ഭേദഗതി കൊണ്ടു വന്നു. എന്നാല്‍ ചില ആളുകള്‍ക്ക് നിയമം ഇഷ്ടമായില്ല. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ വലിയ പരിഷ്‌കാരമായിരുന്നു കാര്‍ഷിക നിയമങ്ങള്‍. സര്‍ക്കാര്‍ നിരാശരല്ല. ഇപ്പോള്‍ ഒരു ചുവട് പിന്നോട്ട് വെച്ചു. വീണ്ടും ഞങ്ങള്‍ മുന്നോട്ടുതന്നെ പോകും. കാരണം കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്;''-അദ്ദേഹം പറഞ്ഞു.

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ലക്ഷ്യങ്ങളും കാരണങ്ങളും എന്ന തലക്കെട്ടില്‍ സര്‍ക്കാര്‍ പ്രസ്താവന പുറത്തിറക്കിയിരുന്നു. കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ ഒപ്പിട്ട പ്രസ്താവനയില്‍ ചിലര്‍ കാര്‍ഷകരുടെ ഉന്നമനം തടസ്സപ്പെടുത്തുന്നുവെന്ന് ആരോപണം ഉന്നയിച്ചിരുന്നു. കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് നിയമം കൊണ്ടുവന്നതെന്നും ഗുണങ്ങള്‍ കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ ഒരു വര്‍ഷത്തെ പ്രക്ഷോഭത്തെ തുടര്‍ന്നാണ് പിന്‍വലിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നാടകീയമായി നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് അറിയിച്ചത്. യുപി തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പായിരുന്നു പ്രസ്താവന. പിന്നീട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും നിയമം പിന്‍വലിച്ചു.