ദില്ലി: കൊറോണവൈറസ് ബാധ രാജ്യത്ത് 30 പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വിവാദ പരാമര്‍ശവുമായി ലോക് താന്ത്രിക് പാര്‍ട്ടി എംപി ഹനുമാന്‍ ബേനിവാള്‍. രാജ്യത്ത് കൊറോണവൈറസ് ബാധിച്ചതിലെ ഇറ്റലി ഫാക്ടര്‍ അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരെ പരിശോധനക്ക് വിധേയമാക്കണമെന്നും സോണിയാഗാന്ധിയുടെ വീട്ടില്‍ നിന്നാണോ വൈറസ് പടര്‍ന്നതെന്ന് അന്വേഷിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

ബിജെപി സഖ്യകക്ഷി എംപിയാണ് ഹനുമാന്‍ ബേനിവാള്‍. ബേനിവാളിന്‍റെ പ്രസ്താവന കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായി. എംപിക്കെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് ഒരുമണിക്കൂറോളം സഭ നിര്‍ത്തിവെച്ചു. പാര്‍ലമെന്‍റിന് പുറത്ത് മാധ്യമങ്ങളോടും ഹനുമാന്‍ സമാന അഭിപ്രായം പങ്കുവെച്ചു. രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവര്‍ക്കെല്ലാം ഇറ്റലിയുമായി ബന്ധമുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മക്കളും ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തിയതിനാലാണ് പരിശോധന ആവശ്യപ്പെട്ടത്. സോണിയാ ഗാന്ധിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും എംപി പറഞ്ഞു. 

ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലെത്തിയ  15 വിനോദ സഞ്ചാരികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.  രാജ്യത്ത് ഇതുവരെ 30 പേര്‍ക്കാണ് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണവൈറസ് ബാധയെത്തുടര്‍ന്ന് ഹോളി ആഘോഷങ്ങളില്‍ വിട്ട് നില്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിരുന്നു. ഉത്തരേന്ത്യയിലെ പലഭാഗങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.