മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് സമീപം ബോംബ് കണ്ടെത്തിയ സംഭവത്തില്‍, കാറിന്റെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. മാന്‍സുഖ് ഹിരണ്‍ എന്നയാളെയാണ് പൊലീസ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കാറിലായിരുന്നു ബോംബ് കണ്ടെത്തിയത്. ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. കല്‍വാ നദിയില്‍ ചാടിയാണ് ഇയാള്‍ മരിച്ചതെന്ന് പൊലീസ് പറയുന്നു.

ഫെബ്രുവരി 25നാണ് മുകേഷ് അംബാനിയുടെ വസതിയായ ആന്റിലക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സ്‌കോര്‍പ്പിയോണ്‍ കാറില്‍ നിന്ന് ബോംബും ഭീഷണിക്കത്തും കണ്ടെത്തുന്നത്. അന്വേഷണത്തില്‍ കാറിന്റെ ഉടമയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞ ഒരുവര്‍ഷമായി ഈ കാര്‍ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ഉടമയുടെ മൊഴി. വില്‍ക്കാനായി ഓടിച്ചു നോക്കിയപ്പോള്‍ മുലുന്ദ്-എയറോലി റോഡില്‍ ബ്രേക്ക് ഡൊണായെന്നും അവിടെനിന്ന് മോഷണം പോയെന്നുമാണ് ഉടമ പറഞ്ഞത്. പിന്നീടാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.