മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ വിളിച്ചത് ശരിയായ തീരുമാനമെന്ന് ബിജെപിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ മുകുൾ റോത്തഗി. സർക്കാർ രൂപീകരിക്കാൻ ഫഡ്നവിസ് ഗവർണർക്ക് നൽകിയ കത്തിനൊപ്പമാണ് എൻസിപി എംഎൽഎമാരുടെ ഒപ്പോട് കൂടിയുള്ള കത്തും ഉള്ളത്.

സർക്കാർ രുപീകരിക്കാൻ ക്ഷണിച്ച ഗവർണറുടെ തീരുമാനം ശരിയാണെന്നും റോത്തഗി പറഞ്ഞു. ദില്ലിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഇന്ന് രാവിലെ ഫഡ്‌നവിസും  അജിത് പവാറും ചുമതലയേൽക്കുമെന്നാണ് വിവരം.  മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചു.

അതിനിടെ വിശ്വാസ വോട്ടെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ എംഎൽഎമാർക്ക് അജിത് പവാർ വിപ്പ് നൽകുമെന്നും വിവരമുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ അജിത് പവാറിനെ നിയമസഭാ കക്ഷി നേതാവായി എൻസിപി തെരഞ്ഞെടുത്തിരുന്നു. അജിത് പവാർ സ്വന്തം നിലയ്ക്ക് തന്റെയും പാർട്ടി എംഎൽഎമാരുടെയും പിന്തുണ ബിജെപിക്കാണെന്ന് അറിയിച്ച് ഗവർണർക്ക് കത്ത് നൽകിയിരിക്കുകയാണ്. ഈ നീക്കത്തെ മറികടക്കാനുള്ള ശ്രമങ്ങളാണ് പാർട്ടി നടത്തുന്നത്.

നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് അജിത് പവാറിനെ നീക്കി പകരം ജയന്ത് പാട്ടീലിനെ എംഎൽഎമാരുടെ യോഗത്തിൽ തെരഞ്ഞെടുത്തിരുന്നു. ഈ കത്ത് ഗവർണർക്ക് സമർപ്പിക്കാൻ ഇന്നലെ തന്നെ ജയന്ത് പാട്ടീൽ രാജ്ഭവനിലെത്തിയിരുന്നെങ്കിലും ഗവർണർ സ്ഥലത്തുണ്ടായിരുന്നില്ല. രാജ്ഭവൻ സെക്രട്ടറിക്ക് കത്ത് നൽകി ജയന്ത് മടങ്ങി. 

വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോൾ ഇതിനെ അനുകൂലിക്കണമെന്ന് ആവശ്യപ്പെട്ടാകും അജിത് പവാർ എൻസിപി അംഗങ്ങൾഗക്ക് വിപ്പ് നൽകുക. നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലുള്ള ഈ നീക്കം മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിൽ നടന്നുകൊണ്ടിരിക്കുന്ന ട്വിസ്റ്റുകൾ ഉടനൊന്നും അവസാനിക്കില്ലെന്ന സൂചനയാണ്.