1.27 ശതമാനമാണ് മുംബൈയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക്. ആക്ടീവായ 5030 കേസുകളാണ് മുംബൈയിലുള്ളത്. നഗരത്തിലെ കൊവിഡ് വിമുക്തി നിരക്ക് 97 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്

കൊവിഡ്(Covid19) മഹാമാരി (Pandemis) പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായി ഒരു കൊവിഡ് മരണം (Covid Death) പോലുമില്ലാത്ത 24 മണിക്കൂര്‍ പിന്നിട്ട് മുംബൈ (Mumbai ). കഴിഞ്ഞ വര്‍ഷം മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ് രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനത്ത് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുന്നത്. 367 പുതിയ കൊവിഡ് കേസുകളാണ് ഇന്ന് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതൊരു വലിയ വാര്‍ത്തയാണെന്നാണ് മുംബൈ സിവിക് കമ്മീഷണര്‍ ഇക്ബാല്‍ സിംഗ് ചഹല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇതിനായി അഹോരാത്രം പ്രയത്നിച്ചവരെ അഭിനന്ദിക്കുന്നതായി ഇക്ബാല്‍ സിംഗ് ചഹാല്‍ വിശദമാക്കി. 1.27 ശതമാനമാണ് മുംബൈയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക്. ആക്ടീവായ 5030 കേസുകളാണ് മുംബൈയിലുള്ളത്. നഗരത്തിലെ കൊവിഡ് വിമുക്തി നിരക്ക് 97 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 28600 ടെസ്റ്റുകളാണ് മുംബൈയില്‍ നടത്തിയിട്ടുള്ളത്.

നഗരത്തില്‍ നിലവില്‍ ആക്ടീവായിട്ടുള്ള ഒരു കണ്ടെയ്ന്‍മെന്‍റ് സോണ്‍ പോലുമില്ല. കൊവിഡ് രണ്ടാം തരംഗത്തില്‍ നിരവധിയാളുകളാണ് മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണം വര്‍ധിച്ചത് മൂലം ഓക്സിജന്‍ അടക്കമുള്ള ആരോഗ്യസംവിധാനങ്ങളില്‍ വലിയ കുറവും മുംബൈയില്‍ നേരിട്ടിരുന്നു. ഇതുവരെ കൊവിഡ് ബാധിച്ച് മുംബൈയില്‍ മാത്രം മരിച്ചത് 16180 പേരാണ്.