എന്നാൽ, ദില്ലി, കൊൽക്കത്ത, റാഞ്ചി തുടങ്ങിയ നഗരങ്ങൾ സുരക്ഷാ സൂചികയിൽ ഏറ്റവും പിന്നിലാണ്. 31 നഗരങ്ങളിലെ 12,770 സ്ത്രീകളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട്.
KNOW
ദില്ലി: രാജ്യത്തെ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരങ്ങളായി കോഹിമ, വിശാഖപട്ടണം, ഭുവനേശ്വർ, ഐസ്വാൾ, ഗാങ്ടോക്ക്, ഇറ്റാനഗർ, മുംബൈ എന്നിവയെ തിരഞ്ഞെടുത്തതായി നാഷണൽ ആന്വൽ റിപ്പോർട്ട് ആൻഡ് ഇൻഡക്സ് ഓൺ വിമൻസ് സേഫ്റ്റി (NARI) 2025. അതേസമയം, പട്ന, ജയ്പൂർ, ഫരീദാബാദ്, ദില്ലി, കൊൽക്കത്ത, ശ്രീനഗർ, റാഞ്ചി എന്നീ നഗരങ്ങൾ സുരക്ഷാ സൂചികയിൽ ഏറ്റവും പിന്നിലാണ്. രാജ്യത്തെ 31 നഗരങ്ങളിൽ നിന്നുള്ള 12,770 സ്ത്രീകളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ സൂചിക തയ്യാറാക്കിയത്.
65 ശതമാനമാണ് ദേശീയ സുരക്ഷാ സ്കോർ. ഉയർന്ന ലിംഗസമത്വം, പൗര പങ്കാളിത്തം, മെച്ചപ്പെട്ട പൊലീസ് സംവിധാനം, സ്ത്രീ സൗഹൃദപരമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് കോഹിമ ഉൾപ്പെടെയുള്ള മുൻനിര നഗരങ്ങൾക്ക് ഉയർന്ന റാങ്ക് ലഭിക്കാൻ കാരണം. എന്നാൽ, മോശം നഗര അടിസ്ഥാന സൗകര്യങ്ങൾ, ദുർബലമായ ഭരണ സംവിധാനങ്ങൾ, പുരുഷാധിപത്യ സാമൂഹിക ചുറ്റുപാടുകൾ എന്നിവയാണ് പട്നയും ജയ്പൂറും അടക്കമുള്ള നഗരങ്ങൾ പിന്നോട്ട് പോകാൻ കാരണം.
സർവേയിൽ പങ്കെടുത്ത പത്തിൽ ആറ് സ്ത്രീകൾക്കും തങ്ങളുടെ നഗരം സുരക്ഷിതമാണെന്ന് തോന്നിയപ്പോൾ, 40 ശതമാനം പേർ സുരക്ഷിതമല്ലെന്നോ തീരെ സുരക്ഷിതമല്ലെന്നോ അഭിപ്രായപ്പെട്ടു. രാത്രികാലങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും വിനോദ സഞ്ചാര സ്ഥലങ്ങളിലും സുരക്ഷിതത്വം കുറയുന്നതായും പഠനം കണ്ടെത്തി. തൊഴിലിടങ്ങളിൽ 91 ശതമാനം സ്ത്രീകൾക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെങ്കിലും, പകുതിയോളം പേർക്ക് തങ്ങളുടെ സ്ഥാപനങ്ങളിൽ ലൈംഗികാതിക്രമം തടയുന്നതിനുള്ള (POSH) നയങ്ങളുണ്ടോ എന്നതിനെ കുറിച്ച് അറിയില്ല. പൊതു ഇടങ്ങളിൽ വെച്ച് 2024-ൽ ഏഴ് ശതമാനം സ്ത്രീകൾക്ക് അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. 24 വയസ്സിൽ താഴെയുള്ളവരിൽ ഈ കണക്ക് 14 ശതമാനമാണ്.
റിപ്പോർട്ട് പ്രകാശനം ചെയ്തുകൊണ്ട് സംസാരിച്ച ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ വിജയ രഹത്കർ, സ്ത്രീ സുരക്ഷ എന്നത് കേവലം ക്രമസമാധാന പ്രശ്നമായി മാത്രം കാണാനാകില്ലെന്ന് പറഞ്ഞു. അത് സ്ത്രീയുടെ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിലവസരങ്ങൾ, സഞ്ചാര സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ടതാണ്. വികസിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്ത്യ കെട്ടിപ്പടുക്കാൻ സുരക്ഷിതമായ അന്തരീക്ഷം നിർണായകമാണ്. ശാരീരികം, മാനസികം, സാമ്പത്തികം, ഡിജിറ്റൽ എന്നിങ്ങനെ സ്ത്രീ സുരക്ഷയ്ക്ക് നാല് മാനങ്ങളുണ്ട്. പൊതുഗതാഗത മേഖലയിലും പൊലീസ് സേനയിലും വനിതകളുടെ എണ്ണം വർധിക്കുന്നത് ആത്മവിശ്വാസം വർധിപ്പിക്കുന്ന നല്ല നടപടിയാണെന്നും അവര്‍ പറഞ്ഞു..
അതേസമയം, സമൂഹത്തിനും ഈ വിഷയത്തിൽ വലിയ പങ്കുവഹിക്കാനുണ്ടെന്ന് രഹത്കർ പറഞ്ഞു. 'നമ്മൾ എപ്പോഴും സംവിധാനത്തെയാണ് കുറ്റം പറയുന്നത്, എന്നാൽ നമ്മൾ എന്ത് ചെയ്തു എന്നും സ്വയം ചോദിക്കണം. ഹെൽപ്പ് ലൈനുകൾ ഉപയോഗിക്കുന്നതിലോ ബോധവൽക്കരണ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിലോ പൊതു ശൗചാലയങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിലോ ആയാലും സമൂഹത്തിൻ്റെ പങ്ക് തുല്യ പ്രാധാന്യമുള്ളതാണ്," എന്നായിരുന്നു അവരുടെ വാക്കുകൾ.
