യുവാവിനൊപ്പം പാക് ചാര വനിതയ്ക്ക് എതിരെയും മഹാരാഷ്ട്ര എടിഎസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
മുംബൈ: ചാരക്കേസിൽ യുവാവ് അറസ്റ്റിലായി. മുംബൈയിലാണ് സംഭവം. പാക്കിസ്ഥാൻ ചാര സംഘത്തിന് വിവരങ്ങൾ ചോർത്തി നൽകിയ മുംബൈ മസ്ഗാവ് കപ്പൽ നിർമാണശാലയിലെ ജീവനക്കാരനാണ് അറസ്‌റ്റിലായത്. നവി മുംബൈ സ്വദേശിയാണ് ഇയാൾ. 31 വയസാണ് പ്രായം. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സംഘമാണ് ഇയാളെ പിടികൂടിയത്.
സമൂഹ മാധ്യമം ബന്ധം സ്ഥാപിച്ച ശേഷം ഹണിട്രാപ്പിൽ യുവാവിനെ കുടുക്കിയ പാക് ചാര വനിതയാണ് ഇയാളെ ഭീഷണിപ്പെടുത്തി വിവരങ്ങൾ ചോർത്തിയത്. 2021 നവംബര്‍ മുതൽ 2023 മെയ് മാസം വരെ അതീവ സുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പ്രതി ചാര വനിതയ്ക്ക് കൈമാറിയെന്ന കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവ വഴിയാണ് ഇവര്‍ ആശയവിനിമയം നടത്തിയിരുന്നത്. യുവാവിനൊപ്പം പാക് ചാര വനിതയ്ക്ക് എതിരെയും മഹാരാഷ്ട്ര എടിഎസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് എടിഎസ് ഉന്നതര്‍ അറിയിച്ചു. പിടിയിലായ യുവാവിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.
