ദക്ഷിണ മുംബൈയിലെ കൽബാദേവി പോലുള്ള തിരക്കേറിയതും വാണിജ്യപരവുമായ പ്രദേശത്ത്, നിരവധി ആളുകൾ സ്ഥിരമായി ഒരേ നടപ്പാതയിലൂടെ സഞ്ചരിച്ച് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരുന്നത് വളരെ സ്വാഭാവികവും വ്യക്തവുമാണെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു.
മുംബൈ: ഒരുമാസമായി തന്നെ ഒരാൾ പിന്തുടരുകയാണെന്നാരോപിച്ച് യുവതിയുടെ പരാതി. മുംബൈയിൽ സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്യുന്ന യുവതിയാണ് പരാതിയുമായി അധികൃതരെ സമീപിച്ചത്. എന്നാൽ താൻ ബ്ലൂടൂത്ത് ഇയർ പോഡ് ഉപയോഗിച്ച് സംസാരിക്കുന്നതിനാൽ തെറ്റിദ്ധാരണ ഉണ്ടായാതാകാമെന്ന് ആരോപണ വിധേയനായ വ്യവസായി മറുപടി നൽകി. കേസ് കോടതിയിലെത്തിയപ്പോൾ ആരോപണ വിധേയന് അനുകൂലമായി കോടതി വിധിച്ചു. 32 കാരനായ വ്യവസായിയെ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു.
2019 ൽ യുവാവ് യുവതിയോട് ഗുഡ് മോണിങ് പറഞ്ഞു. കഴിഞ്ഞ ഒരുമാസമായി രാവിലെ ഓഫിസിൽ പോകുമ്പോൾ വ്യവസായി പിന്തുടരുകയാണെന്നും യുവതി പരാതിയിൽ പറഞ്ഞു. എന്നാൽ, യുവതിയെ പിന്തുടരുകയാണ് പ്രതിയുടെ ഉദ്ദേശ്യമെങ്കിൽ വൈകുന്നേരങ്ങളിൽ ഓഫീസിൽ നിന്ന് യുവതി വീട്ടിലേക്ക് മടങ്ങുമ്പോൾ അയാൾ പിന്തുടരുമായിരുന്നു. എന്നാൽ, അങ്ങനെ ഉണ്ടായതായി പരാതിയിൽ ഒരിടത്തും പറഞ്ഞിട്ടില്ല. രാവിലെ ഒരേ സമയത്താണ് ഓഫിസിൽ പോകുന്നത്. അതുകൊണ്ട് യുവതി തെറ്റിദ്ധരിച്ചിരിക്കാമെന്ന് യുവാവും പറഞ്ഞു. യുവതി തെറ്റിദ്ധരിക്കാനാണ് സാധ്യതയെന്ന് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് യഷ്‌ശ്രീ മരുൽക്കർ പറഞ്ഞു. യുവതി തെറ്റിദ്ധരിച്ചിരിക്കാമെന്ന പ്രതിയുടെ വാദം വിശ്വസനീയമാണെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു. രാവിലെ തിരക്കേറിയ ഫുട്പാത്തിൽ ഒരാളെ പിന്തുടരുക അസാധ്യമാണെന്നും കോടതി നിരീക്ഷിച്ചു.
ജുഗൽകിഷോർ പഥക് എന്ന വ്യവസായിയെയാണ് കോടതി വെറുതെ വിട്ടത്. ഫുട്‌പാത്തിലൂടെ നടക്കുമ്പോഴും മൊബൈൽ ഫോണിൽ സംസാരിക്കുന്നു. അപ്പുറത്ത് സംസാരിക്കുന്നയാൾക്ക് ഗുഡ് മോണിങ് പറയുന്നു. പരാതിക്കാരിയും ആരോപണ വിധേയനും ഉച്ചഭക്ഷണം കഴിക്കുന്ന സമയവും ഒരുപോലെ ആയിരിക്കാം. ഒരേ സമയത്തുതന്നെ ഇരുവരും നടക്കുമ്പോൾ ഒരാൾ തന്റെ സെൽ ഫോണിൽ സംസാരിക്കുകയാണെങ്കിൽപ്പോലും മറ്റേ വ്യക്തിക്ക് തന്നോട് സംസാരിക്കുന്നതായി തെറ്റിദ്ധാരണയുണ്ടാകാമെന്നും കോടതി വ്യക്തമാക്കി.
ദക്ഷിണ മുംബൈയിലെ കൽബാദേവി പോലുള്ള തിരക്കേറിയതും വാണിജ്യപരവുമായ പ്രദേശത്ത്, നിരവധി ആളുകൾ സ്ഥിരമായി ഒരേ നടപ്പാതയിലൂടെ സഞ്ചരിച്ച് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരുന്നത് വളരെ സ്വാഭാവികവും വ്യക്തവുമാണെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു. ഒരേ സമയത്ത് സ്ഥിരമായി ഉച്ചഭക്ഷണത്തിന് പോകുന്നതും പരാതിക്കാരി തെറ്റിദ്ധരിച്ചിരിക്കാമെന്നും യുവാവ് വാദിച്ചു. ഒരേ റോഡിലെ താമസ സ്ഥലവും ഓഫീസും ഒരേ നടപ്പാതയും ഒരേസമയം ഉപയോഗിക്കേണ്ടി വന്നതിനാൽ പ്രതി തന്നെ പിന്തുടരുന്നതായി യുവതി തെറ്റിദ്ധരിച്ചിരിക്കാമെന്നും കോടതി നിരീക്ഷിച്ചു.
ഒക്ടോബറിലും സമാനമായി സംഭവമുണ്ടായിരുന്നു. ഒരാൾ മൂന്ന് മാസമായി റോഡിന്റെ എതിർവശത്തിലൂടെ തന്നെ പിന്തുടരുന്നുവെന്ന യുവതിയുടെ പരാതിയിൽ ആരോപണ വിധേയനെ ഇതേ മജിസ്ട്രേറ്റ് വെറുതെ വിട്ടിരുന്നു. മുംബൈ പോലുള്ള ഒരു നഗരത്തിൽ, തിരക്കേറിയ പ്രഭാതത്തിൽ റോഡിന്റെ മറുവശത്ത് നിന്ന് ഫുട്പാത്തിലൂടെ നടക്കുന്ന ഒരാളെ പിന്തുടരുന്നത് അസാധ്യമാണെന്ന് അന്ന് കോടതി നിരീക്ഷിച്ചു.
