മുംബൈ: ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയെത്തിയ ആൾക്ക് മലേറിയക്കുള്ള ചികിത്സ നൽകുകയും മരണപ്പെടുകയും ചെയ്ത സംഭവത്തിൽ ഒൻപത് വർഷത്തിന് 27 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി. സംസ്ഥാന ഉപഭോക്തൃ കമ്മിഷനാണ് വിധി പുറപ്പെടുവിച്ചത്. സൻപദ സ്വദേശി ദത്ത ശെർഖനെയുടെ മരണത്തിൽ അദ്ദേഹത്തിന്റെ വിധവ സ്വാതി ശെർഖനെയ്ക്കാണ് ഈ തുക നൽകേണ്ടത്.

ഹൃദ്രോഗ വിദഗ്ദ്ധനെ വിളിച്ച് രോഗിക്ക് കൃത്യമായി ചികിത്സ നൽകുന്നതിൽ നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആശുപത്രിയും ചെംബൂരിലെ ശുശ്രൂത് ആശുപത്രിയും കുറ്റക്കാരാണെന്നാണ് കമ്മിഷന്റെ കണ്ടെത്തൽ.

രണ്ട് ആശുപത്രികളും ഇവിടെയുള്ള ഡോക്ടർമാരും അധികൃതരും തുല്യമായി നഷ്ടപരിഹാരം നൽകണം. 

ബിപിസിഎല്ലിലെ റിഫൈനറിയിൽ ടെക്നീഷ്യനായിരുന്നു ദത്ത. 2010 മെയ് 10 ന് ദത്തയെ നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആശുപത്രിയിൽ എത്തിച്ചു. ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. ഇവിടെ വച്ചാണ് ഇദ്ദേഹത്തിന് മലേറിയക്കുള്ള മരുന്ന് നൽകിയത്. ഇതിന് ശേഷം ഇവർ വീട്ടിലേക്ക് മടങ്ങി.

പുലർച്ചെ ഒന്നരയോടെ കടുത്ത നെഞ്ചുവേദനയെ തുടർന്ന് ഇവർ ആശുപത്രിയിലേക്ക് മടങ്ങിയത്. ഇസിജിയിൽ ഗുരുതരമായ വ്യതിയാനം കണ്ടെത്തിയിട്ടും ഡോക്ടർമാർ നൽകിയത് മലേറിയയുടെ ചികിത്സയായിരുന്നു. 

തുടർന്ന് പിറ്റേന്ന് രാത്രി 10.30 യോടെ ഇദ്ദേഹത്തെ ചെംബൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ഇതിനായി ആംബുലൻസ് ആവശ്യപ്പെട്ടപ്പോൾ മുനിസിപ്പൽ കോർപ്പറേഷൻ ആശുപത്രി അധികൃതർ അതിന് തയ്യാറായില്ല. എന്നാൽ ഇവിടെ വച്ച് 2ഡി എക്കോ ടെസ്റ്റ് നടത്താനോ, കാർഡിയോളജിസ്റ്റിനെ വിളിച്ചുവരുത്താനോ ആശുപത്രി അധികൃതർ തയ്യാറായില്ല. ദത്തയുടെ നില പിറ്റേന്ന് കൂടുതൽ വഷളായി. ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.