ഫറൂഖ്ബാദ്: കുട്ടികളെയും സ്ത്രീകളെയും അടക്കം വീട്ടിനുള്ളില്‍ ബന്ദികളാക്കി കൊലക്കേസ് പ്രതിയുടെ ഭീഷണി. ഉത്തര്‍പ്രദേശിലെ ഫറൂഖ്ബാദിലാണ് സംഭവം. കൊലക്കേസ് പ്രതിക്ക് പുറമെ മദ്യപാനി കൂടിയാണ് ഇയാളെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. മകളുടെ പിറന്നാളിന് ക്ഷണിച്ച് വരുത്തിയ ശേഷമാണ് 20ഓളം കുട്ടികളെയും സ്ത്രീകളെയും ഇയാള്‍ ബന്ദിയാക്കിയത്.

സുഭാഷ് ഗൗതം എന്നയാളാണ് കുട്ടികളെ ബന്ദികളാക്കിയിരിക്കുന്നത്. ഗ്രാമവാസിയായ സതീഷ് ചന്ദ്ര ദുബെ സുഭാഷിനോട് സംസാരിക്കാന്‍ വീട്ടിലേക്ക് ചെന്നെങ്കിലും ഇയാള്‍ വെടിയുതിര്‍ത്തു. കാലിന് വെടിയേറ്റ സതീഷിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എംഎല്‍എയോടും എസ്പിയോടും വീട്ടിലേക്ക് എത്താനാണ് ഇയാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്ഥലത്ത് എത്തിയ പൊലീസിന് നേര്‍ക്കും ഇയാള്‍ വെടിയുതിര്‍ക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. മൂന്ന് പൊലീസുകാര്‍ക്കും ഒരു ഗ്രാമവാസിക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. എസ്പി സ്ഥലത്തെത്തിയിട്ടുണ്ട്. നാല് മണിക്കൂറിലേറെയായി ഇയാള്‍ കുട്ടികളെയടക്കം ബന്ദികളാക്കിയിരിക്കുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.