ശ്രീനഗര്‍: പുല്‍വാമയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന്‍ ഔറംഗസേബിന്‍റെ രണ്ട് സഹോദരങ്ങള്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നു. മുഹമ്മദ് താരിഖ്, മുഹമ്മദ് ഷബീര്‍ എന്നിവരാണ് സൈന്യത്തില്‍ ചേര്‍ന്നത്. നൂറോളം പേരുടെ എന്‍‍റോള്‍മെന്‍റ് പരേഡിലാണ്  താരിഖും ഷബീറും എന്‍‍റോള്‍ ചെയ്തത്. രജൗറിയിലായിരുന്നു പരേഡ് നടന്നത്.

44 രാഷ്ട്രീയ റൈഫിള്‍ അംഗമായിരുന്ന ഔറംഗസേബിനെ കഴിഞ്ഞ ഈദിന് മുമ്പാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.  പുല്‍വാമയിലെ കലംപോറയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ മാറി ഗുസു ഗ്രാമത്തില്‍ വെച്ചാണ് ജൂണ്‍ 14ന് സൈനികന്‍റെ മൃതദേഹം കണ്ടെത്തിയത്. 

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ സമീര്‍ ടൈഗറെ വധിച്ച സൈനിക സംഘത്തിലെ അംഗമായിരുന്നു ഔറംഗസേബ്. കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ പോകുമ്പോഴായിരുന്നു ഔറംഗസേബിനെ ഭീകരര്‍ കൊലപ്പെടുത്തിയത്.

സഹോദരന്‍റെ രക്തസാക്ഷിത്വത്തിന് പകരം ചോദിക്കുമെന്നും ഭീകരവാദത്തിനെതിരെ പോരാടുമെന്നും പരേഡിന് ശേഷം താരിഖ്  മാധ്യമങ്ങളോട് പറഞ്ഞു.  തന്‍റെ ജീവന്‍ രാജ്യത്തിന് നല്‍കിയ ധീരജവാന്‍റെ സഹോദരങ്ങള്‍ എന്ന നിലയില്‍ സൈന്യത്തില്‍ ചേരാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ജീവന്‍ ബലിയര്‍പ്പിച്ച സഹോദരനെ പോലെ രാജ്യത്തിന് വേണ്ടി ജീവന്‍ വരെ നല്‍കാന്‍ തയ്യാറാണെന്നും ഇരുവരും പറഞ്ഞു. ഇവരുടെ മാതാപിതാക്കളും എന്‍‍റോള്‍മെന്‍റ് ചടങ്ങിനെത്തിയിരുന്നു.