പാക്കിസ്ഥാനിലേക്ക് പോകൂ, എന്ന് ആക്രോശിച്ചായിരുന്നു അക്രമികള്‍ കുടുംബത്തെ മര്‍ദ്ദിച്ചത്. 

ഗുര്‍ഗോണ്‍: ദില്ലി- ഹരിയാന അതിര്‍ത്തിയിലെ ഗുര്‍ഗോണില്‍ മുസ്ലീം കുടുംബത്തിന് ക്രൂര മര്‍ദ്ദനം. ഹോളി ദിവസമായ വ്യാഴാഴ്ച വൈകിട്ടോടെ 25 പേരടങ്ങുന്ന സംഘം ആയുധങ്ങളുമായെത്തി കുടുംബത്തെ വീടുകയറി ആക്രമിക്കുകയായിരുന്നു. ഇവരുടെ വീട്ടില്‍ എത്തിയ അതിഥികളെയും അക്രമി സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുഹമ്മദ് സാജിദിന്റെ കുടുംബമാണ് ആക്രമിക്കപ്പെട്ടത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വീടിന് സമീപമുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന മുസ്ലീം കുടുംബത്തിലെ അംഗങ്ങളെ 25 പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. പാക്കിസ്ഥാനിലേക്ക് പോകൂ, എന്നാക്രോശിച്ച് അക്രമികള്‍ യുവാക്കളെ വടിയും ലാത്തിയും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ പ്രതികളിലൊരാളെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഹമ്മദ് സാജിദിന്റെ കുടുംബം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഗുര്‍ഗോണില്‍ താമസിച്ചുവരികയായിരുന്നു.

സംഭവത്തെക്കുറിച്ച് ആക്രമണത്തിനിരയായ ദില്‍ഷാദ് പൊലീസിനോട് പറയുന്നതിങ്ങനെ...

രണ്ട് അപരിചിതരായ യുവാക്കള്‍ ബൈക്കിലെത്തി നിങ്ങളിവിടെ എന്ത് ചെയ്യുകയാണ്, പാക്കിസ്ഥാനിലേക്ക് പോകൂ എന്ന് ആക്രോശിച്ചു. തന്റെ അമ്മാവനായ മുഹമ്മദ് സാജിദ് ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ബൈക്കില്‍ ഇരുന്ന ഒരാള്‍ സാജിദിനെ അടിച്ചു. പത്ത് മിനിറ്റുകള്‍ക്ക് ശേഷം കുറുവടിയും ലാത്തിയും വാളുമുള്‍പ്പെടെയുള്ള ആയുധങ്ങളുമായി ഒരു കൂട്ടം ആളുകള്‍ വീട്ടിലെത്തി യാതോരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. ആയുധധാരികളായ അക്രമികളെ കണ്ട് പേടിച്ച് വീടിനകത്ത് അഭയം പ്രാപിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് വീട്ടിലേക്ക് അതിക്രമിച്ച് കയറി മര്‍ദ്ദിച്ചു.

വീട്ടിലേക്ക് കടന്ന് കയറിയ അക്രമി സംഘം വീട്ടുകാരുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കുകയും കുട്ടികളെ ഉള്‍പ്പെടെ ഉപദ്രവിക്കുകയുമായിരുന്നു. കലാപം, കൊലപാതകശ്രമം,നിയമപരമല്ലാതെ സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഐപിസി സെക്ഷന്‍ 148,149,307,323,427,452 വകുപ്പുകളിലായാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണ ചുമതലയുളള ബോന്ദ്‌സി പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ പറഞ്ഞു.

അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ ശബ്ം കേട്ട് പുറത്തിറങ്ങിയപ്പോള്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കുടുംബത്തിലുളളവരെ മര്‍ദ്ദിക്കുകയായിരുന്നു. വീടിന്റെ ജനാലയും കാറും തല്ലി തകര്‍ത്ത അവര്‍ സ്വര്‍ണമുള്‍പ്പെടെ വിലപിടിപ്പുളള വസ്തുക്കളും 25,000 രൂപയും കവര്‍ന്നു. -സാജിദിന്റെ ഭാര്യ സമീന വിശദീകരിച്ചു. ഗ്യാസ് സിലിണ്ടറുകളുടെ നിര്‍മാണത്തിലേര്‍പ്പെടുന്ന താന്‍ മൂന്ന് വര്‍ഷമായി ഇവിടെ താമസിക്കുകയാണെന്നും ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം നേരിടുന്നതെന്നും മുഹമ്മദ് സാജിദ് പറഞ്ഞു. 

Scroll to load tweet…