Asianet News MalayalamAsianet News Malayalam

കോൺഗ്രസിന് മൃദുഹിന്ദുത്വ നിലപാട്, ഇടപെടണമെന്ന് ലീഗ്, സോണിയയെ കണ്ടു

  • രാജ്യത്ത് മുസ്ലിം ന്യുനപക്ഷങ്ങൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ സോണിയയെ ധരിപ്പിച്ചതായി നേതാക്കൾ പറഞ്ഞു
  • കോൺഗ്രസ് സാഹചര്യത്തിന് അനുസരിച്ച് ഉണർന്നു പ്രവർത്തിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു
Muslim league leaders asks sonia for more active work from Congress
Author
New Delhi, First Published Nov 20, 2019, 2:59 PM IST

ദില്ലി: അയോധ്യ കോടതി വിധിയ്ക്കെതിരെയുള്ള നിയമനടപടികളിൽ കോൺഗ്രസിന്‍റെ പിന്തുണ തേടി പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കൾ അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടു. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ കോണ്‍ഗ്രസ് നിലപാടിലുള്ള അതൃപ്തി മുസ്ലീം ലീഗ് നേതാക്കള്‍ അറിയിച്ചു. 

അയോധ്യ ഭൂമിതർക്ക കേസിൽ സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാലും തങ്ങളുടെ വാദം കേട്ടില്ലെന്ന അഭിപ്രായം ചില കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ടെന്നും അക്കാര്യം സോണിയ ഗാന്ധിയെ ധരിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ തലത്തിൽ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് കൂടുതൽ ശക്തമായ പ്രവർത്തനം വേണമെന്ന് മുസ്ലിം ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. രാജ്യത്തെ ന്യുനപക്ഷ - ദളിത്‌ വിഭാഗങ്ങൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയിൽ ആശങ്ക അറിയിച്ച നേതാക്കൾ, ന്യൂനപക്ഷ സംരക്ഷണത്തിന് കൂടുതൽ ഏകോപനം കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് വേണമെന്നും ആവശ്യപ്പെട്ടു.

രാജ്യത്ത് മുസ്ലിം ന്യുനപക്ഷങ്ങൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ സോണിയയെ ധരിപ്പിച്ചതായി അവർ പറഞ്ഞു. ന്യുനപക്ഷങ്ങളെ അടിച്ചമർത്തുന്ന നിലപാടാണ് രാജ്യത്ത് ഇന്നുള്ളത്. കോൺഗ്രസ് സാഹചര്യത്തിന് അനുസരിച്ച് ഉണർന്നു പ്രവർത്തിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

മതേതര കക്ഷികളെ ഒരുമിച്ചു നിർത്താൻ കോൺഗ്രസ്‌ മുൻകൈ എടുക്കണം. പാർലമെന്റിൽ പല ബില്ലുകളും വരുമ്പോൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ കൂടുതൽ ചെറുത്ത്‌ നില്പ്പ് ആവശ്യമാണെന്ന് ലീഗ് നേതാക്കൾ സോണിയയോട് പറഞ്ഞു. മഹാരാഷ്ട്ര സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ മഹാരാഷ്ട്ര നിലപാട് വന്നിട്ടില്ലെന്നും ഇത് വരുന്ന മുറയ്ക്ക് ചർച്ച ചെയ്യാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios