ദലിത് വാദികളും മാര്‍ക്സിസ്റ്റുകളും ചില സോഷ്യലിസ്റ്റുകളും ഇന്ത്യന്‍ പാരമ്പര്യത്തിനെതിരെ വെറുപ്പ് പ്രചരിപ്പിക്കുകയാണ്. 

ദില്ലി: അയോധ്യയില്‍ ജനിച്ചത് പ്രവാചകന്‍ മുഹമ്മദല്ലെന്നും ശ്രീരാമനാണെന്നും മുസ്ലിം സമൂഹത്തിനറിയാമെന്ന് ബാബാ രാംദേവ്. ദില്ലിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു രാം ദേവിന്‍റെ പ്രസ്താവന. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതോടെ പ്രശ്നങ്ങള്‍ അവസാനിക്കും. അയോധ്യയില്‍ ജനിച്ചത് പ്രവാചകനല്ലെന്നും ശ്രീരാമനാണെന്നും മുസ്ലിം സഹോദരന്മാര്‍ക്ക് അറിയാം. രാമക്ഷേത്രം നിര്‍ബന്ധമായും അവിടെ നിര്‍മിക്കണം. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളില്‍ തന്‍റെ പിന്തുണ ബിജെപിക്കാണ്. അടുത്ത 10-15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളോട് കിടപിടിക്കും. സുസ്ഥിരമായ ഭരണത്തിന് ബിജെപിയെ ശക്തിപ്പെടുത്തണമെന്നും ബാബാ രാംദേവ് പറഞ്ഞു.

ഹരിയാന മുഖ്യമന്ത്രി ലാല്‍ മനോഹര്‍ ഖട്ടറിന് സ്വന്തമായി സ്വത്തില്ല. അദ്ദേഹം സത്യസന്ധനും അഴിമതിയെ വെച്ചുപൊറുപ്പിക്കാത്തവനുമാണ്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു. സര്‍ദാര്‍ പട്ടേലിന് ശേഷം ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക എന്നീ തത്വം ഉയര്‍ത്തിപ്പിടിക്കുന്നത് മോദിയും അമിത് ഷായുമാണെന്നും ബാബാ രാംദേവ് പറഞ്ഞു.

സാമ്പത്തിക തളര്‍ച്ച എല്ലാ രാജ്യങ്ങളും അനുഭവിക്കുകയാണ്. മോദി-ഷാ കൂട്ടുകെട്ടില്‍ മാത്രമേ സാമ്പത്തിക തളര്‍ച്ചയെ അതിജീവിക്കൂ. ദലിത് വാദികളും മാര്‍ക്സിസ്റ്റുകളും ചില സോഷ്യലിസ്റ്റുകളും ഇന്ത്യന്‍ പാരമ്പര്യത്തിനെതിരെ വെറുപ്പ് പ്രചരിപ്പിക്കുകയാണ്. കുറച്ച് ആള്‍ക്കാര്‍ വെറുപ്പ് പ്രചരിപ്പിച്ച് രാജ്യത്തിന്‍റെ ഐക്യം തകര്‍ക്കുന്നു. ഇത് അവസാനിപ്പിക്കണം. ഇവര്‍ക്കെതിരെ ശക്തമായ നിയമം കൊണ്ടുവരണമെന്നും ബാബാ രാംദേവ് പറഞ്ഞു.