ഇന്ത്യ യുദ്ധം തുടങ്ങിയെന്നും ഏറെ നാശ നഷ്ടമുണ്ടായെന്നുമുള്ള പ്രചാരണങ്ങള്‍ അന്തര്‍ ദേശീയ തലത്തില്‍ ഇന്ത്യയ്ക്കെതിരെ ഉയര്‍ത്താന്‍ പാകിസ്ഥാന്‍ ശ്രമിക്കുമെന്നും ടി പി ശ്രീനിവാസന്‍ 

തിരുവനന്തപുരം: ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്ഥാനില്‍ നിന്നും ന്യൂക്ലിയര്‍ ബ്ലാക്ക്മെയിലിംഗിനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ലെന്ന് നയതന്ത്രജ്ഞന്‍ ടി പി ശ്രീനിവാസന്‍ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഇന്ത്യ യുദ്ധം തുടങ്ങിയെന്നും ഏറെ നാശ നഷ്ടമുണ്ടായെന്നുമുള്ള പ്രചാരണങ്ങള്‍ അന്തര്‍ ദേശീയ തലത്തില്‍ ഇന്ത്യയ്ക്കെതിരെ ഉയര്‍ത്താന്‍ പാകിസ്ഥാന്‍ ശ്രമിക്കുമെന്നും ടി പി ശ്രീനിവാസന്‍ വിലയിരുത്തുന്നു. 

കാര്‍ഗില്‍ സമയത്തെ സാഹചര്യവുമായി ബാലാക്കോട്ട് ആക്രമണത്തെ താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും ടി പി ശ്രീനിവാസന്‍ പറഞ്ഞു. ആണവ ആയുധങ്ങള്‍ കൈവശമുള്ള അയല്‍ രാജ്യങ്ങള്‍ തമ്മില്‍ അസുഖകരമായ സാഹചര്യം വരുമ്പോള്‍ ലോകശ്രദ്ധ ഇന്ത്യയിലേക്ക് വരുമെന്നും ടി പി ശ്രീനിവാസന്‍ പറയുന്നു. ഇന്ത്യ ആദ്യം ആണവ ആയുധങ്ങള്‍ പ്രയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദികള്‍ ചെയ്യുന്നത് സ്വാതന്ത്രത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്ന് ധരിക്കുന്ന ലോകരാഷ്ട്രങ്ങള്‍ ഇപ്പോഴുമുണ്ട്. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങളും ഇനിയുള്ള നീക്കങ്ങള്‍ വളരെ കരുതലോടെയാവുമെന്നും ടി പി ശ്രീനിവാസന്‍ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ വിശദമാക്കി. ആക്രമണം ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല പക്ഷേ അത് എവിടെ എങ്ങനെ എന്ന കാര്യമാണ് കരുതിയിരിക്കേണ്ടതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.