ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. കോണ്‍ഗ്രസ് പൂര്‍ണമായും പൊലീസുമായി സഹകരിക്കും. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനം പാലിക്കാന്‍  മത നേതാക്കള്‍ ആഹ്വാനം നല്‍കണമെന്നു സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ആക്രമണത്തെ തുടര്‍ന്ന് നടന്ന പൊലീസ് വെടിവെപ്പില്‍ വാജിദ് ഖാന്‍(20), യാസീന്‍ പാഷ (40) എന്നിവരാണ് മരിച്ചത്. അറസ്റ്റിലായവരില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

കലാപത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ടൂറിസം മന്ത്രി സിടി രവി ആരോപിച്ചു. ആദ്യമായല്ല എസ്ഡിപിഐ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും സിഎഎ പ്രതിഷേധ സമയത്ത് എസ്ഡിപിഐയുടെ തനിനിറം കണ്ടതണെന്നും സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരിയുടെ മകന്‍ മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടന്നെ് ആരോപിച്ചാണ് ആക്രമസക്തമായ ജനക്കൂട്ടം എംഎല്‍എയുടെ വീടും പൊലീസ് സ്റ്റേഷനും ആക്രമിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണങ്ങളില്‍ 60 പൊലീസുകാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 110 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷങ്ങളില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായാണ് വിവരം. സമൂഹമാധ്യമങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളടക്കം പ്രചരിച്ചതും പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കി.