ദില്ലി: ഇന്ത്യയിലെ ജനങ്ങള്‍ ഋഷിവര്യന്മാരുടെ മക്കളാണെന്ന ബിജെപി നേതാവിന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ഡിഎംകെ നേതാവ് കനിമൊഴി രംഗത്ത്. പാര്‍ലമെന്‍റിലെ പ്രസംഗത്തിനിടെയാണ് ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തത്തെ തള്ളി ബിജെപി നേതാവ് സത്യപാല്‍ സിംഗ് രംഗത്തെത്തിയത്. 

ഇന്ത്യന്‍ ജനത ഋഷിവര്യന്മാരുടെ മക്കളാണെന്നായിരുന്നു മനുഷ്യാവകാശ നിയമത്തില്‍ ചര്‍ച്ച നടക്കവേ സത്യപാല്‍ സിംഗ് പറഞ്ഞത്. ഇതിന് ശക്തമായ മറുപടിയാണ് കനിമൊഴി നല്‍കിയത്. "എന്‍റെ പൂര്‍വ്വികര്‍ ഋഷിവൈര്യന്‍മാരല്ല. ശാസ്ത്രം വ്യക്തമാക്കുന്നത് പോലെ ഹോമോസാപ്പിയന്‍സാണ്.

എന്‍റെ മാതാപിതാക്കളാകട്ടെ ശൂദ്രന്മാരാണ്. അവര്‍ ദൈവത്തിന്‍റെ ഭാഗമോ ദൈവത്തില്‍ ജനിച്ചവരോ അല്ല. സാമൂഹിക നീതിക്കുവേണ്ടിയും മനുഷ്യാവകാശത്തിനും വേണ്ടി ഇന്ന് വരെ നടന്ന പോരാട്ടങ്ങളുടെ ഫലമായാണ് ഞാനും എന്നെപ്പോലുള്ള മറ്റു പലരും ഇന്ന് ഇവിടെ നില്‍ക്കുന്നത്". ആ പോരാട്ടം നാം അത് തുടരുകയും ചെയ്യുമെന്നും കനിമൊഴി പാര്‍ലമെന്‍റിലെ ചര്‍ച്ചക്കിടെ വ്യക്തമാക്കി.