ബിജെപി നിയമസഭാ കക്ഷി യോഗമാണ് ബിരേൻ സിംഗ് തന്നെ മുഖ്യമന്ത്രിയായി തുടരട്ടെ എന്ന് തീരുമാനമെടുത്തത്. കേന്ദ്ര നിരീക്ഷകരിൽ ഒരാളായ നിർമല സീതാരാമൻ ആണ് തീരുമാനം പ്രഖ്യാപിച്ചത്.
ദില്ലി: എൻ ബിരേൻ സിംഗ് (N Biren Singh) മണിപ്പൂർ (Manipur) മുഖ്യമന്ത്രിയായി തുടരും. ബിജെപി (BJP) നിയമസഭാ കക്ഷി യോഗമാണ് ബിരേൻ സിംഗ് തന്നെ മുഖ്യമന്ത്രിയായി തുടരട്ടെ എന്ന് തീരുമാനമെടുത്തത്. കേന്ദ്ര നിരീക്ഷകരിൽ ഒരാളായ നിർമല സീതാരാമൻ (Nirmala Sitaraman) ആണ് തീരുമാനം പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ ശരിവച്ചാണ് മണിപ്പൂരിൽ ബിജെപി ഭരണത്തുടർച്ചയുറപ്പിച്ചത്. തുടർച്ചയായി രണ്ടാം തവണയും മണിപ്പൂരിൽ ബിജെപി തന്നെ സർക്കാർ രൂപീകരിക്കുന്നു. മുപ്പത്തിയൊന്ന് സീറ്റ് നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ഒൻപത് സീറ്റുകൾ നേടി എൻപിപി വലിയ മുന്നേറ്റമാണ് കാഴ്ച്ചവെച്ചത്. മണിപ്പൂരിൽ ഉറച്ച വേരുകളുണ്ടായിരുന്ന കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
വികസനം പറഞ്ഞ് വോട്ടു പിടിച്ചാണ് ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനായത്. മുഖ്യമന്ത്രി ബിരേൻ സിംഗ്,വിദ്യാഭ്യാസ മന്ത്രി രാധേശ്യാം തുടങ്ങിയ ബിജെപിയുടെ താര സ്ഥാനാർത്ഥികള്‍ അധികവും വിജയിച്ചു.
മത്സരിച്ച ഇരുപത് മണ്ഡലങ്ങളിൽ ഒന്‍പത് സീറ്റ് നേടിയ നാഷണൽ പീപ്പിൾസ് പാർട്ടി ഇതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ കരുത്തുറ്റ കക്ഷിയായി മാറി. പതിനഞ്ച് വർഷം തുടർച്ചയായ മണിപ്പൂർ ഭരിച്ച കോൺഗ്രസിന് ഇത്തവണ രണ്ടക്കത്തിൽ പോലും എത്താൻ കഴിഞ്ഞില്ല. പരാജയപ്പെട്ടവരിൽ മണിപ്പൂർ പിസിസി പ്രസിഡന്‍റ് എൻ. ലോകൻ സിംഗുമുണ്ട്. നാഗ ഗോത്ര മേഖലകളിൽ മാത്രം മത്സരിച്ച എൻപിഎഫിന് കോൺഗ്രസിനേക്കാൾ സീറ്റ് നേടാനായി. ഇതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് തന്നെ കോൺഗ്രസ് പാടെ തുടച്ചു മാറ്റപ്പെട്ടു.
മന്ത്രിമാർക്ക് 'ടാർഗറ്റ്' നൽകി പഞ്ചാബ് മുഖ്യമന്ത്രി, പരാജയപ്പെട്ടാൽ അവർ പുറത്തേക്കെന്ന് കെജ്രിവാൾ
പഞ്ചാബ് മുഖ്യമന്ത്രി (Punjab Chief Minister) ഭഗവന്ത് മൻ (Bhagwant Mann) തന്റെ മന്ത്രിസഭയിലെ ഓരോ മന്ത്രിക്കും ടാർഗെറ്റ് വച്ചിട്ടുണ്ടെന്നും അത് പാലിച്ചില്ലെങ്കിൽ മന്ത്രിയെ മാറ്റണമെന്ന് ജനങ്ങൾക്ക് ആവശ്യപ്പെടാമെന്നും ആം ആദ്മി പാർട്ടി (Aam Aadmi Party) അധ്യക്ഷനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ (Arvind Kejriwal). ഭഗവന്ത് മൻ മൂന്നു ദിവസങ്ങൾക്കുള്ളിൽ ഒരുപാട് കാര്യങ്ങൾ ചെയ്തുവെന്ന് പുതിയ സർക്കാരിന്റെ പ്രാരംഭ പ്രഖ്യാപനങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി പഞ്ചാബിൽ വൻ വിജയം നേടിയിരുന്നു. ഈ ആഴ്ച ആദ്യം മൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായതിന് ശേഷം പഴയ മന്ത്രിമാരുടെ സുരക്ഷ നീക്കം ചെയ്യുകയും പൊതുജനങ്ങൾക്ക് സുരക്ഷ നൽകുകയും ചെയ്തുവെന്നും കെജ്രിവാൾ പറഞ്ഞു.
പാഴായ വിളകൾക്ക് നഷ്ടപരിഹാരം നൽകി. അഴിമതി വിരുദ്ധ സെല്ലും അദ്ദേഹം പ്രഖ്യാപിച്ചു. പൊലീസ് സേനയിലെ 10,000 ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ ഒഴിവുള്ള 25,000 തസ്തികകൾ നികത്താനും മൻ അനുമതി നൽകിയിട്ടുണ്ട്. എംഎൽഎ ജനങ്ങൾക്കിടയിൽ കറങ്ങിനടക്കും, ഗ്രാമങ്ങളിലേക്ക് പോകും എന്നതാണ് പാർട്ടിയുടെ മന്ത്രമെന്നും കെജ്രിവാൾ പറഞ്ഞു. "പഞ്ചാബിലെ ജനങ്ങൾ വജ്രങ്ങൾ തിരഞ്ഞെടുത്തു. ഭഗവന്ത് മന്റെ നേതൃത്വത്തിൽ 92 പേരടങ്ങുന്ന ഒരു ടീമായി ഞങ്ങൾ പ്രവർത്തിക്കും. ഞാൻ അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ മാത്രമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. 117 അംഗ പഞ്ചാബ് നിയമസഭയിൽ 92 സീറ്റുകൾ നേടിയാണ് ആംആദ്മി പാർട്ടി വിജയിച്ചത്.
