പട്യാല: കൊറോണ വൈറസ് ഭീതി രാജ്യത്ത് നില നില്‍ക്കുമ്പോഴും മുടങ്ങാതെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അഭിനന്ദനവുമായി നാട്ടുകാര്‍. ശുചീകരണ തൊഴിലാളികളെ കയ്യടിച്ചും പുഷ്പ വൃഷ്ടി നടത്തിയുമാണ് നാട്ടുകാര്‍ സ്വീകരിച്ചത്. പഞ്ചാബ് പട്ട്യാലയിലെ നഭയിലാണ് സംഭവം. കൊറോണ് വൈറസ് വ്യാപന ഭീതിക്ക് ഇടയിലും കൃത്യമായി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനുളള നന്ദി പ്രകാശനമായാണ് ഇത്തരം പ്രവര്‍ത്തികളെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

ശുചീകരണ തൊഴിലാളികളെ ചിലര്‍ പൂമാല നല്‍കിയും നോട്ടുമാല നല്‍കിയും സ്വീകരിക്കുകയും ചെയ്തു. ഇത്തരം മഹാമാരികള്‍ ആളുകളിലെ നന്മ പുറത്ത് കൊണ്ടുവരുമെന്നാണ് ശുചീകരണതൊഴിലാളികളില്‍ ചിലര്‍ പ്രതികരിച്ചത്. വൈറസ് ബാധ മാറുമ്പോഴും ഇത്തരം മനോഭാവം തുടരുന്നത് സമൂഹത്തിന് സഹായമാകുമെന്നും ഇവര്‍ പറയുന്നു. രാജ്യത്തെ കൊറോണ വൈറസ് 1397 ആളുകളില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ചൊവ്വാഴ്ചയായിരുന്നു ശുചീകരണ തൊഴിലാളികള്‍ക്ക് ആളുകള്‍ നന്ദി പറഞ്ഞത്.