ടണലിന്റെ ഉള്ളിൽ ചെളിയുടെയും വെള്ളത്തിന്റെയും നിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് തെരച്ചിൽ തല്ക്കാലം നിർത്തിവെച്ചത്.
ഹൈദരാബാദ് : തെലങ്കാനയിലെ നാഗർകുർണൂലിൽ ടണലിടിഞ്ഞ് വീണ് കുടുങ്ങിയ എട്ട് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തല്ക്കാലം നിർത്തിവെച്ചു. ടണലിന്റെ ഉള്ളിൽ ചെളിയുടെയും വെള്ളത്തിന്റെയും നിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് തെരച്ചിൽ തല്ക്കാലം നിർത്തിവെച്ചത്. രാവിലെ അകത്തേക്ക് പോയ സംഘം പുറത്തേക്ക് തിരിച്ചു വന്ന് വെള്ളത്തിന്റെയും ചെളിക്കെട്ടിന്റെയും നിരപ്പ് അപകടകരമാം വിധം ഉയർന്നതായി സ്ഥിരീകരിച്ചു. നിലവിൽ ടണലിന്റെ 11.5 കിലോമീറ്റർ ദൂരം വരെ മാത്രമേ കടക്കാൻ കഴിയുന്നുള്ളൂ. ഇന്നലെ രാവിലെ ദൗത്യസംഘം കുടുങ്ങിയവരുണ്ടെന്ന് കരുതുന്ന സ്ഥലത്തിന്റെ 40 മീറ്റർ വരെ അടുത്ത് രക്ഷാ പ്രവർത്തകർ എത്തിയിരുന്നു. ദൗത്യസംഘത്തിന്റെ കൂടി സുരക്ഷ കണക്കിലെടുത്താണ് തല്ക്കാലം രക്ഷാപ്രവർത്തനം നിർത്താൻ ജില്ലാ കളക്ടർ തീരുമാനിച്ചത്. ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക കൂടി സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

