കൊഹിമ: ഇന്ത്യ 73-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് ഒരു ദിവസം മുൻപ് നാഗാ സംഘടനകൾ സ്വന്തം പതാക ഉയർത്തി നാഗാ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മണിപ്പുരിലെ സേനാപതി ജില്ലയിലായിരുന്നു ഏറ്റവും വലിയ ആഘോഷം നടന്നത്. യുണൈറ്റഡ് നാഗാ കൗൺസിലിന്‍റെ നേതൃത്വത്തിൽ ഒരു പൊതുപരിപാടിയിൽ ആദ്യമായി ഇവിടെ നാഗാ പതാക ഉയർത്തി.

മ്യാന്മറിലെയടക്കം നൂറ് കണക്കിനാളുകളാണ് ഈ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തത്. നാഗാ പീപ്പിൾസ് ഓർഗനൈസേഷന്‍റെ നേതൃത്വത്തിൽ വൺ ഗോൾ, വൺ ഡെസ്റ്റിനി എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്. 

നാഗാ പീപ്പിൾസ് മൂവ്മെന്റ് ഫോർ ഹ്യുമൻ റൈറ്റ്സ് സെക്രട്ടറി ജനറൽ നെയ്‌നിങ്കുലോ ക്രോം ആണ് ചടങ്ങിൽ പതാക ഉയർത്തിയത്. ചടങ്ങിൽ നാഗാലാന്റിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പലരും പങ്കെടുത്തു. നാഗാ ദേശീയ ഗാനവും ആലപിച്ചു.

നാഗാ വിമതരാണ് 1947 ആഗസ്റ്റ് 14 നാഗാ സ്വാതന്ത്ര്യ ദിനമായി ആദ്യം ആഘോഷിച്ചത്. തുടർന്നിങ്ങോട്ട് നാഗാലാന്‍റിലും മണിപ്പുരിലും മ്യാന്മറിലുമായി ചിതറിക്കിടക്കുന്ന എല്ലാ നാഗാ വിഭാഗക്കാരും ആഗസ്റ്റ് 14 സ്വാതന്ത്യദിനമായി കൊണ്ടാടാറുണ്ട്. ഇത്തവണ പക്ഷെ, വൻ ജനാവലിയാണ് ഇക്കുറി പങ്കെടുത്തത്.

മണിപ്പുരിലെ 20 ഓളം നാഗാ ഗോത്രസംഘടനകളും എല്ലാ നാഗാ മുന്നണി സംഘടനകളും നാഗാ വനിതാ സംഘടനകളും നാഗാ വിദ്യാർത്ഥി സംഘടനകളും ഈ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തു. മ്യാന്മാർ നാഗാ സ്റ്റുഡന്റ് എന്ന സംഘടനയും ഇതിൽ പങ്കെടുത്തിരുന്നു.

ഉഖ്രുൽ-ചാന്ദൽ ജില്ലകളിലെ ഫുട്ബോൾ ടീമുകൾ തമ്മിലുള്ള മത്സരത്തോടെയാണ് സ്വാതന്ത്ര്യദിനാഘോഷം അവസാനിച്ചത്.

നാഗാ വിമതഗ്രൂപ്പായിരുന്ന NSCN (IM) എന്ന സംഘടനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാനക്കരാർ ഒപ്പുവയ്ക്കുന്നത് 2015 ഓഗസ്റ്റ് 2015-ലാണ്. ഇതിന്‍റെ ഇടനിലക്കാരനായിരുന്ന മുതിർന്ന ഉദ്യോഗസ്ഥൻ ആർ എൻ രവി ഇപ്പോൾ നാഗാലാൻഡ് ഗവർണറാണ്. പ്രത്യേക പദവിയുള്ള സംസ്ഥാനമായി നാഗാലാൻഡിനെ അംഗീകരിക്കുന്നതായിരുന്നു 2015-ലെ നാഗാ സമാധാനക്കരാർ.