അപകടമുണ്ടാക്കുന്ന രീതിയിൽ ആശിഷ് വാഹനം കർഷകർക്ക് നേരെ ഓടിച്ചു. സംഭവത്തിന് ശേഷം ആശിഷ് കരിമ്പ് തോട്ടത്തിലേക്ക് ഓടി ഒളിച്ചു. ആൾക്കൂട്ടത്തിന് നേരെ ഇയാൾ വെടിവച്ചന്നും എഫ് ഐ ആറിൽ പറയുന്നു.
ദില്ലി: ലഖിംപുർ (Lakhimpur) സംഘർഷത്തിൽ പൊലീസ് ഇട്ട എഫ്ഐആറിൽ(FIR) മന്ത്രിയുടെ മകന്റെ പേരും ഉണ്ടെന്ന് വിവരം. കർഷകർക്ക് നേരെ ഇടിച്ച് കയറിയ വാഹനത്തിൽ ആശിഷ് മിശ്ര (Asish Mishra) ഉണ്ടായിരുന്നുവെന്നാണ് എഫ്ഐആർ. അപകടമുണ്ടാക്കുന്ന രീതിയിൽ ആശിഷ് വാഹനം കർഷകർക്ക് നേരെ ഓടിച്ചു. സംഭവത്തിന് ശേഷം ആശിഷ് കരിമ്പ് തോട്ടത്തിലേക്ക് ഓടി ഒളിച്ചു. ആൾക്കൂട്ടത്തിന് നേരെ ഇയാൾ വെടിവച്ചന്നും എഫ് ഐ ആറിൽ പറയുന്നു. ഇതോടെ മകൻ സംഭവസ്ഥലത്തില്ലായിരുന്നെന്ന കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ (AJay Mishra) വാദമാണ് പൊളിയുന്നത്.
അതിനിടെ, അനുമതി നിഷേധിച്ചെങ്കിലും ലഖിംപുർ ഖേരി സന്ദർശിക്കാനൊരുങ്ങിയിരിക്കുകയാണ് രാഹുൽ ഗാന്ധി (Rahul Gandhi) . ലഖിംപുർ ഖേരിയിലും ,ലക്നൗവിലും നിലനിൽക്കുന്ന നിരോധനാജ്ഞ ചൂണ്ടിക്കാട്ടിയാണ് സന്ദർശനനാനുമതി യുപി സർക്കാർ തള്ളിയത്. രാവിലെ പത്ത് മണിക്ക് രാഹുൽ ദില്ലിയിൽ മാധ്യമങ്ങളെ കാണും. വൈകുന്നേരം നാല് മണിയോടെ ലഖിംപുർ ഖേരിയിലെത്തുന്ന രാഹുൽ മരിച്ച കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുമെന്നാണ് എ ഐ സി വ്യക്തമാക്കുന്നത്. ശേഷം സീതാപുരിലെത്തി പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യും.
അതേ സമയം പ്രിയങ്ക ഗാന്ധി സീതാ പുരിലെ പോലീസ് കേന്ദ്രത്തിൽ തുടരുകയാണ്. പ്രിയങ്കയുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ലംഖിപുർ ഖേരി സന്ദർശിക്കാതെ മടങ്ങില്ലെന്ന നിലപാടിലാണ് പ്രിയങ്ക.ആരോപണ വിധേയനായ കേന്ദ്രസഹ മന്ത്രി രാജി വയ്ക്കും വരെ പ്രതിഷേധം തുടരാനാണ് തീരുമാനം.

