പൂനൈ: മനുഷ്യാവകാശ പ്രവര്‍ത്തകനും യുക്തിവാദിയുമായിരുന്ന നരേന്ദ്ര ധബോല്‍ക്കറിനെ കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാനായി അറബിക്കടലില്‍ തിരച്ചില്‍ നടത്താനൊരുങ്ങി സിബിഐ. പൂനൈ കോടതിയിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. തിരച്ചിലിനായി മഹാരാഷ്ട്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും അനുമതി ലഭിച്ചതായും അനുമതി ലഭിക്കാതിരുന്നതിനാലാണ് തിരച്ചില്‍ ഇതുവരേയും നടക്കാതിരുന്നതെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി. 

2013 ആഗസ്റ്റ് 20 നാണ് ധബോല്‍ക്കര്‍ പ്രഭാത സവാരിക്കിടിടെ ബൈക്കിലെത്തിയ ആക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സനാതന്‍ സന്‍സ്ത അംഗവും അഭിഭാഷകനുമായ സ‍ഞ്ജീവ് പുനലേക്കര്‍, വിക്രം ഭേവ് എന്നിവരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ധബോല്‍കറെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സനാതന സന്‍സ്ത അംഗവും ഇഎന്‍ടി സര്‍ജനുമായ ഡോ. വീരേന്ദ്ര താവ്‌ഡേയെ 2016 ജൂണില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആയുധങ്ങള്‍ കണ്ടെടുക്കാനായി സിബിഐ അറബിക്കടലില്‍ തിരച്ചില്‍ നടത്താനൊരുങ്ങുന്നത്.