കോണ്‍ഗ്രസെന്നാല്‍ തട്ടിപ്പ്, കോണ്‍ഗ്രസെന്നാല്‍ അധികാരക്കൊതിയാണ്, മതങ്ങളെ തമ്മിലടുപ്പിക്കുന്ന ശക്തിയാണ് കോണ്‍ഗ്രസ് എന്നും പ്രധാനമന്ത്രി ആക്ഷേപിച്ചു. 

അസം: അധികാര കൊതി കാരണം തോന്നും പോലെ സഖ്യത്തിലേര്‍പ്പെടുന്ന കോണ്‍ഗ്രസിന് കേരളത്തിലടക്കം ഈ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി കിട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രകടനപത്രികയില്‍ വ്യാജ വാഗ്ദാനങ്ങള്‍ മുന്‍പോട്ട് വയ്ക്കുന്ന കോണ്‍ഗ്രസിനെ ഒരു സംസ്ഥാനവും വിശ്വാസത്തിലെടുക്കുന്നില്ലെന്നും അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി ആരോപിച്ചു. കോണ്‍ഗ്രസെന്നാല്‍ തട്ടിപ്പ്, കോണ്‍ഗ്രസെന്നാല്‍ അധികാരക്കൊതിയാണ്, മതങ്ങളെ തമ്മിലടുപ്പിക്കുന്ന ശക്തിയാണ് കോണ്‍ഗ്രസ് എന്നും പ്രധാനമന്ത്രി ആക്ഷേപിച്ചു. 

അസമിൽ ഭരണതുടര്‍ച്ച അവകാശപ്പെട്ട മോദി തട്ടിപ്പുകാരുടെ കൈയിലേക്ക് അസം ജനതയെ വിട്ടുകൊടുക്കില്ലെന്നും പറഞ്ഞു. പശ്ചിമബംഗാളിലെയും, ബിഹാറിലെയും, മഹാരാഷ്ട്രയിലെയും കോണ്‍ഗ്രസിന്‍റെ സഖ്യങ്ങളെ പരിഹസിച്ച പ്രധാനമന്ത്രി ഒരു സംസ്ഥാനത്തും ഇനി കോണ്‍ഗ്രസിന് ഭാവിയില്ലെന്നും പറഞ്ഞു. വീട്ടമ്മമാര്‍ക്ക് പ്രതിമാസം രണ്ടായിരം രൂപ വേതനമടക്കം വാഗ്ദനം ചെയ്തുള്ള പ്രകടന പത്രിക രാഹുല്‍ ഗാന്ധി പുറത്തിറക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെ ചോദ്യം ചെയ്ത് പ്രധാനമന്ത്രി രംഗത്തെത്തിയത്. 

നിര്‍ണ്ണായക വോട്ട് ബാങ്കായ തേയില തോട്ടം തൊഴിലാളികള്‍ക്കിടയില്‍ പ്രിയങ്ക ഗാന്ധി നടത്തിയ പ്രചാരണവും ബിജെപിക്ക് ക്ഷീണമായിട്ടുണ്ട്. ചായക്കച്ചവടക്കാരനല്ലാതെ അസം ജനതയുടെ കഷ്ടപ്പാട് മറ്റാര്‍ക്കാണ് മനസിലാകുകയെന്ന പരാമര്‍ശങ്ങളുമായി മോദി കളത്തിലിറങ്ങിയതും ഈ പശ്ചാത്തലത്തിലാണ്.