ചെന്നൈ: മദ്രാസ് ഐഐടിയിലെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിൽ എത്തി. മോദിക്കെതിരെ പ്രതിഷേധം ഉയരാൻ ഇടയുള്ളതിനാൽ ഹെലികോപ്റ്ററിലാണ് അദ്ദേഹം ചെന്നൈയിൽ എത്തിയത്. കനത്ത സുരക്ഷയിലാണ് മദ്രാസ് ഐഐടി ക്യാമ്പസ്. കഴിഞ്ഞ രണ്ട് തവണ മോദി ചെന്നൈയിലെത്തിയപ്പോഴും ഗോ ബാക്ക് മോദി എന്ന വ്യാപക പ്രചാരണം തമിഴ്‍നാട്ടിൽ ഉയർന്നതാണ്.

ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുന്നതിനൊപ്പം സിങ്കപ്പുർ-ഇന്ത്യ ‘ഹാക്കത്തൺ-2019’ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണവും പ്രധാനമന്ത്രി നിർവഹിക്കും. രണ്ടാംതവണ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള മോദിയുടെ ആദ്യ ചെന്നൈ സന്ദർശനമാണിത്.

ഐഐടി റിസർച്ച് പാർക്കിലെ ഓഡിറ്റോറിയത്തിലാണ് സിങ്കപ്പുർ-ഇന്ത്യ ഹാക്കത്തൺ സമ്മാനവിതരണം നടക്കുന്നത്. അതിനുശേഷം 11 മണിക്ക് സ്റ്റുഡൻസ് ആക്റ്റിവിറ്റി സെന്ററിൽ നടക്കുന്ന ബിരുദദാനച്ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. അവിടെനിന്നും 12.30ഓടെ ദില്ലിയിലേക്ക് പോകുമെന്നാണ് വിവരം. മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കർശന സുരക്ഷയാണ് ഐഐടി ക്യാമ്പസിന് സമീപം ഒരുക്കിയിരിക്കുന്നത്. 1,000 പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. അമ്പതോളം സിസിടിവി ക്യാമറകളും ക്യാമ്പസിന് അകത്തും പുറത്തുമായി സജ്ജീകരിച്ചു.

ഇത് രണ്ടാം തവണയാണ് നരേന്ദ്രമോദി തമിഴ്നാട് സന്ദർശത്തിനായി ഹെലികോപ്റ്ററിൽ എത്തുന്നത്. കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കാത്തതിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ഏതാനും പ്രതിപക്ഷ പാർട്ടികളും തമിഴ് സംഘടനകളും അന്ന് കറുത്ത പതാകകൾ മോദിക്ക് നേരെ ഉയർത്തിയിരുന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​റു​ത്ത ബ​ലൂ​ണു​ക​ളും ഇ​വ​ർ ആ​കാ​ശ​ത്തേ​ക്ക്​ പ​റ​ത്തി. 

പ്ര​തി​ഷേ​ധ​ക്കാ​രെ നീ​ക്കാ​ൻ ശ്ര​മി​ച്ച പൊ​ലീ​സു​കാ​രു​മാ​യി വാ​ക്കേ​റ്റ​വും ഉ​ന്തും​ ത​ള്ളു​മു​ണ്ടാ​യ​തിനാൽ​ അന്നത് വലിയ സം​ഘ​ർ​ഷ​ത്തി​നും ​കാരണമായി. തു​ട​ർ​ന്ന്​ വൈ​കോ, തി​രു​മു​രു​ക​ൻ ഗാ​ന്ധി തു​ട​ങ്ങി​യ നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും പൊ​ലീ​സ്​ അ​റ​സ്​​റ്റു ചെ​യ്​​തു മാറ്റിയിരുന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ‘ഗോ ​ബാ​ക്ക്​​ മോ​ദി’ എ​ന്ന ഹാ​ഷ്​​ടാ​ഗു​മാ​യി പ്രചാരണങ്ങളും ഉയർന്നിരുന്നു.