Asianet News MalayalamAsianet News Malayalam

'നന്ദി ബൊല്‍സാനരോ'; നമ്മുടെ സഖ്യം എന്നത്തേക്കാളും ശക്തമെന്ന് മോദി

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സഖ്യം ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് എന്നത്തേക്കാളും ശക്തമാണെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സാനരോയുടെ ട്വീറ്റിന് മറുപടിയായി മോദി കുറിച്ചു.

narendra modi express his gratitude towards brazil president
Author
Delhi, First Published Apr 10, 2020, 10:57 AM IST

ദില്ലി: കൊവിഡ് കാലത്തെ സമയബന്ധിതമായ സഹായത്തിന് ഇന്ത്യന്‍ ജനതയോട് നന്ദി പറഞ്ഞ ബ്രസീല്‍ പ്രസിഡന്റിന് മറുപടിയുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും ബ്രസീലും തമ്മിലുള്ള സഖ്യം ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് എന്നത്തേക്കാളും ശക്തമാണെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സാനരോയുടെ ട്വീറ്റിന് മറുപടിയായി മോദി കുറിച്ചു.

ഒപ്പം ബ്രസീല്‍ പ്രസിഡന്റിന് നന്ദിയും പ്രധാനമന്ത്രി അറിയിച്ചു. നേരത്തെ, ഹൈഡ്രോക്‌സിക്‌ളോറോക്വിന്‍ എന്ന മരുന്ന് ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍ കയറ്റുമതി ചെയ്യാമെന്ന ഉറപ്പ് ഇന്ത്യയില്‍ നിന്ന് ലഭിച്ചെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സാനരോ
രാജ്യത്തെ അറിയിച്ചിരുന്നു.

ബ്രസീലിലെ ജനങ്ങള്‍ക്ക് സമയബന്ധിതമായി ഈ സഹായം നല്‍കിയതിന് പ്രധാനമന്ത്രി മോദിക്കും ഇന്ത്യന്‍ ജനതയ്ക്കും നന്ദി പറയുന്നതായും ബൊല്‍സാനരോ പറഞ്ഞു. കഴിഞ്ഞ ദിവസം രാമായണത്തില്‍ നിന്നുള്ള ഭാഗം പരാമര്‍ശിച്ചാണ് ഇന്ത്യക്ക് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സാനരോ കത്തെഴുതിയത്. 

ശ്രീരാമന്റെ സഹോദരനായ ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാന്‍ ഹനുമാന്‍ ഹിമാലയത്തില്‍ നിന്ന് വിശുദ്ധ മരുന്ന് (മൃതസജ്ഞീവനി ) കൊണ്ടു വന്നപോലെ, യേശു ക്രിസ്തു അന്ധന് കാഴ്ച നല്‍കിയ പോലെ ജനങ്ങള്‍ക്കായി ബ്രസീലും ഇന്ത്യയും ഒരുശക്തിയായി നിന്ന് കൊവിഡിനെ അതിജീവിക്കണമെന്ന് ബൊല്‍സാനരോ കത്തില്‍ എഴുതി. കൊവിഡ് പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിയും ബൊല്‍സാനരോയും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നു.

ലോകത്തെ സാഹചര്യങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. എങ്ങനെ യോജിച്ച് നിന്ന് കൊവിഡിനെ നേരിടാമെന്ന് ബൊല്‍സാനരോയുമായി ചര്‍ച്ച ചെയ്തെന്ന് മോദി പിന്നീട് ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇന്ത്യക്ക് സാധിക്കുന്ന എല്ലാ സഹായങ്ങളും ബ്രസീലിന് വേണ്ടി നല്‍കുമെന്നും അന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios