ദില്ലി: ദേശീയ മാധ്യമ ദിനത്തില്‍ മാധ്യമപ്രവര്‍ത്തകരെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. മാധ്യമ സ്വാതന്ത്ര്യത്തിന് മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തെ ശ്വാസം മുട്ടിക്കുന്നവരെ സര്‍ക്കാര്‍ എതിര്‍ക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കൊവിഡ് കാലത്ത് മാധ്യമങ്ങള്‍ നിര്‍വഹിച്ച പങ്കിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മുംബൈയില്‍ റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ആത്മഹത്യ പ്രേരണക്കേസില്‍ സുപ്രീം കോടതിയാണ് അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയത്. ഹത്രാസിലേക്ക് പോകവെ യുപി പൊലീസിന്റെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലായ സംഭവത്തില്‍ സുപ്രീം കോടതി യുപി പൊലീസിന് നോട്ടീസ് നല്‍കി.