1990കളില്‍ ആരംഭിച്ച രാമക്ഷേത്ര നിര്‍മാണ പ്രചാരണത്തിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു നരേന്ദ്ര മോദി.
അയോധ്യ: രാമജന്മഭൂമി സന്ദര്‍ശിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 1992ലാണ് മോദി അവസാനമായി അയോധ്യ സന്ദര്‍ശിച്ചത്. അന്ന് മുരളീമനോഹര്‍ ജോഷി ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയണമെന്നാവശ്യപ്പെട്ട് നടത്തിയ തിരംഗ യാത്രയുടെ കണ്‍വീനറായിരുന്നു മോദി. പിന്നീട് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാതെ അവിടം സന്ദര്‍ശിക്കില്ലെന്ന് മോദി പ്രതിജ്ഞയെടുത്തു. കഴിഞ്ഞ വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫൈസാബാദ്-അംബേദ്കര്‍ നഗര്‍ അതിര്‍ത്തിയിലെത്തിയെങ്കിലും അയോധ്യയില്‍ പ്രവേശിച്ചില്ല.
ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാമെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് ഇന്ന് ക്ഷേത്ര ട്രസ്റ്റ് ഭൂമി പൂജ സംഘടിപ്പിച്ചത്. നരേന്ദ്രമോദിയാണ് ഭൂമി പൂജക്ക് നേതൃത്വം നല്‍കിയത്. ശ്രീരാമന്‍ ജനിച്ചെന്ന് വിശ്വസിക്കുന്ന അയോധ്യയിലെ രാമജന്മഭൂമിയില്‍ പ്രവേശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. ഹനുമായി ഗാര്‍ഹി സന്ദര്‍ശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയും മോദിയാണെന്ന് സര്‍ക്കാര്‍ പറഞ്ഞു.
1990കളില്‍ ആരംഭിച്ച രാമക്ഷേത്ര നിര്‍മാണ പ്രചാരണത്തിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു നരേന്ദ്ര മോദി. 1992ല്‍ കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തു. ഈ കേസില്‍ മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ വിചാരണ നേരിടുകയാണ്.
