പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനവികാരം എതിരാണെന്ന് പ്രതിപക്ഷം ഇനിയെങ്കിലും തിരിച്ചറിയണമെന്നും നിങ്ങളുടെ നിരാശയും രോഷവും പാർലമെൻ്റിൽ വന്ന് തീർക്കരുതെന്നും മോദി പറഞ്ഞു.
ദില്ലി: രാജ്യത്തിന്റെ അതിവേഗ വളർച്ചയ്ക്ക് ഊർജമാകുന്നതായിരിക്കണം പാർലമെൻ്റ് സമ്മേളനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനമാണ് സർക്കാരിന്റെ അജണ്ടയെന്നും വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് എത്തുന്നതിന് സർക്കാരിനൊപ്പം പ്രതിപക്ഷവും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിഹാർ തെരഞ്ഞെടുപ്പിലെ ജനവിധി ജനാധിപത്യത്തിൻ്റെ ശക്തിയാണ് വ്യക്തമാക്കിയത്. പാർലമെൻ്റ് സമ്മേളനം ജനങ്ങൾക്ക് ഊർജ്ജത്തിൻ്റെ സന്ദേശം നൽകുന്നതാകണമെന്നും പ്രതിപക്ഷം പാർലമെൻ്റിലെ ദൗത്യം ശരിയായി വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയുടെ അസ്വസ്ഥതയിൽ നിന്ന് പുറത്തു വരണമെന്നും അനാവശ്യ ബഹളമില്ലാതെ നടപടികളോട് സഹകരിക്കണമെന്നും മോദി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത മോദി പ്രതിപക്ഷത്തിനെതിരെ ശക്തമായാണ് ആഞ്ഞടിച്ചത്. ജനവികാരം എതിരാണെന്ന് പ്രതിപക്ഷം ഇനിയെങ്കിലും തിരിച്ചറിയണമെന്നും നിങ്ങളുടെ നിരാശയും രോഷവും പാർലമെൻ്റിൽ വന്ന് തീർക്കരുതെന്നും മോദി പറഞ്ഞു. എല്ലാ എംപിമാർക്കും പാർലമെൻ്റിൽ സംസാരിക്കാൻ അവസരം ഉണ്ടാകണം. അതുകൊണ്ടുതന്നെ എല്ലാവരും സഹകരിച്ച് മുന്നോട്ട് പോകണം. പ്രതിപക്ഷത്തെയും പ്രതിപക്ഷ തന്ത്രങ്ങളെയും ജനം തള്ളിക്കളഞ്ഞിരിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. അത് ഇനിയെങ്കിലും മനസിലാക്കണമെന്നും നാടകം കളിക്കാൻ വേറെ സ്ഥലം കണ്ടെത്തിക്കോളൂയെന്നും പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്തപ്പോൾ വ്യക്തമാക്കി.
അതേസമയം, പാർലമെന്‍റ് ശൈത്യകാല സമ്മേളനത്തിൽ ദില്ലി സ്ഫോടനം, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം, വായു മലിനീകരണം, പുതിയ ലേബർ കോഡ് തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെടും. ഉന്നയിച്ച വിഷയങ്ങളിൽ ചർച്ചക്ക് തയ്യാറായില്ലെങ്കിൽ പാർലമെൻ്റ് സ്തംഭിപ്പിക്കുമെന്നാണ് സമാജ് വാദി പാർട്ടി പറയുന്നത്. 13 ബില്ലുകളാണ് ഈ സമ്മേളനകാലത്ത് സർക്കാർ അവതരിപ്പിക്കുക. വന്ദേമാതരത്തിന്‍റെ 150-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേകം ചർച്ച നടത്തുമെന്നും സർക്കാർ അറിയിച്ചു. ഡിസംബർ 19 വരെ നീളുന്ന സമ്മേളനം സമീപകാലത്തെ ഏറ്റവും ചെറിയ കാലയളവിലുള്ള സമ്മേളനമാണ്.



