ബസ്തർ നിലവിൽ നക്സൽ ഭീഷണിയിൽ നിന്ന് ഏറെക്കുറെ മുക്തമായിട്ടുണ്ട്. വികസനമാണ് നിലവിൽ ഇവിടെയുള്ളത്. വികസനം എത്താതിരുന്നത് കൊണ്ടാണ് ഈ മേഖലകളിൽ നക്സലിസം വളർന്നതെന്നും അമിത് ഷാ പറഞ്ഞു.
ദില്ലി: രാജ്യം ഇന്ന് മുതൽ മാവോയിസത്തിൽനിന്നും മുക്തമായെന്ന് പാർലമെന്‍റിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസിന്റെ മാവോയിസ്റ്റുകളോടുള്ള മൃദു സമീപനമാണ് ഇത്രയും കാലം രാജ്യത്ത് പല മേഖലകളിലും വികസനം എത്താതെ പോയതെന്നും ഭാരത് ജോഡോ യാത്രയിലടക്കം മാവോയിസ്റ്റുകൾ പങ്കെടുത്തെന്നും അമിത് ഷാ പാർലമെന്റിൽ കുറ്റപ്പെടുത്തി. ഔദ്യോഗിക പ്രഖ്യാപനം നടപടികൾക്ക് ശേഷം ഉണ്ടാകും, എന്നാൽ നാം നക്സൽ മുക്തമായി എന്ന് ഇപ്പോൾ പറയാൻ സാധിക്കുമെന്ന് അമിത് ഷാ പറഞ്ഞു.

രാജ്യം മാവോയിസ്റ്റുകളുടെ അതിക്രമത്തിൽനിന്നും മുക്തമായെന്ന് അമിത്ഷാ. നരേന്ദ്രമോദി സർക്കാറിന്റെ ഏറ്റവും വലിയ നേട്ടമാണിതെന്നാണ് അമിത് ഷാ ലോക്സഭയിലെ ചർച്ചയിൽ അവകാശപ്പെട്ടത്. കേന്ദ്രസർക്കാറിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും ഷാ അറിയിച്ചു. കോൺഗ്രസിനെ കണക്കിന് കുറ്റപ്പെടുത്തിയായിരുന്നു ലോക്സഭയിലെ ഹ്രസ്വ ചർച്ചയിൽ അമിത് ഷായുടെ മറുപടി.
വർഷങ്ങളോളം ആദിവാസികളടക്കം രാജ്യത്ത് 12 കോടി പേർ മാവോയിസത്തിന്റെ കെടുതികളനുഭവിച്ചു, അയ്യായിരം സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഇരുപതിനായിരം പേർ കൊല്ലപ്പെട്ടു, ഛത്തീസ്ഗഡിലടക്കം മോവോയിസ്റ്റുകളോട് മൃദുസമീപനം കാണിച്ച സർക്കാറുകളാണ് ഇതിന് ഉത്തരവാദി. പ്രധാനമന്ത്രിയായിരിക്കേ മന്മോഹൻ സിംഗ് മാവോയിസം രാജ്യത്തിന് ഏറ്റവും ഭീഷണിയാണെന്ന് പറഞ്ഞിട്ടും കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും സൽവ ജുദും കേസിൽ വിധി പറഞ്ഞ സുപ്രീം കോടതി മുൻ ജസ്റ്റിസ് സുദർശൻ റെഡ്ഡി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതിയ സ്ഥാനാർത്ഥിയായത് ഇതുകൊണ്ടാണെന്നും ഷാ കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ മാവോയിസ്റ്റ് അനുകൂലികളെ മാലയിട്ട് സ്വീകരിച്ചെന്നും ഷാ ആരോപിച്ചു. അതേസമയം സർക്കാറിന്റെ അവകാശവാദം പ്രതിപക്ഷം തള്ളി. സൈനിക നടപടിയിലൂടെ മാത്രം രാജ്യത്തെ മാവോയിസ്റ്റ് മുക്തമാക്കാനാകില്ലെന്നും മാവോയിസം വളരാൻ മൂലകാരണമായ ദാരിദ്ര്യം ഇല്ലാതാക്കാനും സർക്കാർ നടപടികളെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

