ദില്ലി: ഐഎന്‍എക്സ് മീഡിയ കേസില്‍ ദില്ലിയിലെ തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തിന് തമിഴ്നാട്ടിലെ മേല്‍വിലാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ആശംസാ കാര്‍ഡ്. സെപ്തംബര്‍ 16നായിരുന്നു ചിദംബരത്തിന്‍റെ ജന്മദിനം. പോസ്റ്റലായി തമിഴ്നാട്ടിലെ ഗ്രാമത്തിലെത്തിയ തമിഴില്‍ ആശംസയറിയിച്ചുകൊണ്ടുള്ള കത്ത് പിന്നീട് തിഹാര്‍ ജയിലിലേക്ക് എത്തിക്കുകയായിരുന്നു.

അപ്രതീക്ഷിതമായിരുന്നു ഈ ആശംസയെന്ന് ചിദംബരം കത്തിന്‍റെ ചിത്രം സഹിതം ട്വീറ്റ് ചെയ്തിരുന്നു. ''നിങ്ങളുടെ ആശംസപോലെ എനിക്ക് ജനങ്ങളെ സേവിക്കുന്നത് തുടരണമെന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ നിങ്ങളുടെ അന്വേഷണ സംഘം എന്നെ അതില്‍ നിന്ന് തടഞ്ഞിരിക്കുകയാണ്. ഈ ദ്രോഹം അവസാനിച്ചാല്‍ ഞാനും നിങ്ങളും സേവിക്കാന്‍ ബാധ്യസ്ഥരായ ജനങ്ങളിലേക്ക് തന്നെ ഞാന്‍ മടങ്ങും'' - ചിദംബരം ട്വീറ്റ് ചെയ്തു.

തന്‍റെ 74ാം പിറന്നാള്‍ ചിദംബരം ആഘോഷിച്ചത് തിഹാര്‍ ജയിലിലാണ്. സെപ്തംബര്‍ അഞ്ചിനാണ് ചിദംബരം തിഹാര്‍ ജയിലിലെത്തിയത്. 2007ല്‍, ധനമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയയുടെ 305 കോടിയുടെ ഇടപാടിന് അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കേസിലാണ് പി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 21 നായിരുന്നു അറസ്റ്റ്. എയര്‍സെല്‍-മാക്‌സിസ് കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്.