ദില്ലി: തെരഞ്ഞെടുപ്പിൽ തനിച്ച് ഭൂരിപക്ഷം കിട്ടിയ ബിജെപി സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ ഇന്നും തുടരും. നരേന്ദ്രമോദിയെ വീണ്ടും ബിജെപിയുടെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കും. പാര്‍ലമെന്‍റ് സെൻട്രൽ ഹാളിൽ വൈകീട്ട് 5 മണിക്കാണ് ബിജെപി പാര്‍ലമെന്‍ററി പാ‍ർട്ടി യോഗം. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംപിമാരേയും രാജ്യസഭ എംപിമാരേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. 

നാളെ സര്‍ക്കാര്‍ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് നരേന്ദ്ര മോദി രാഷ്ട്രപതിയെ കാണും. 28ന് കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദര്‍ശനം നടത്തുന്ന മോദി 29ന് അമ്മയെ കാണാനായി അഹമ്മദാബാദിലേക്ക് പോകും. 30നാകും സത്യപ്രതിജ്ഞ ചടങ്ങ്. ലോകനേതാക്കളുടെ സാന്നിധ്യം മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഉണ്ടാകുമെന്നാണ് സൂചന. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ മന്ത്രിസഭയിൽ രണ്ടാമനാകും എന്ന സൂചനകളും ഉണ്ട്