ദില്ലി: കൊവിഡ് എന്ന മഹാമാരിയ്ക്കെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നേതൃത്വം വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസ് ആസ്ഥാനമായുള്ള സർവേ, ഗവേഷണ സ്ഥാപനമായ മോർണിംഗ് കൺസൾട്ടിന്റെ കണക്കനുസരിച്ച് ജനുവരിയില്‍ 76 ശതമാനമായിരുന്ന മോദിയുടെ ജനപ്രീതി ഏപ്രിലില്‍ 83 ശതമാനമായി വര്‍ധിച്ചു. 

ഐഎഎന്‍എസ്- സീ വോട്ടര്‍ കോവിഡ് ട്രാക്കര്‍ സര്‍വേ പ്രകാരം മോദിയുടെ നേതൃത്വത്തിലുള്ള വിശ്വാസം ഒരു മാസത്തിനുള്ളില്‍(മാര്‍ച്ച് 25-ഏപ്രില്‍ 21) 76.8 ശതമാനത്തില്‍ നിന്നും 93.5 ശതമാനമായി ഉയര്‍ന്നു. മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍  കൊവിഡ് രോ​ഗികളുടെ എണ്ണം ക്രമമായി ഉയരുമ്പോൾ,  ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വളര്‍ച്ചാ നിരക്ക് കുറഞ്ഞ സാമ്പത്തിക വ്യവസ്ഥയിലൂടെയാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് പോയിരുന്നത്. പൗരത്വ നിയമത്തെ ചൊല്ലി തെരുവുകള്‍ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ, കൊവിഡ് പ്രതിരേധ പ്രവർത്തനങ്ങൾക്ക് മോദി മുന്നിട്ടിറങ്ങിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. 

അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മരുന്നിന് വേണ്ടി ഇന്ത്യയെ ആശ്രയിക്കേണ്ട അവസ്ഥയിലെത്തി. കൃത്യസമയത്ത് ലോക്ക്ഡൗൺ നടപ്പാക്കിയത് ഉള്‍പ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ വൈറസ് വ്യാപനം ഒരു പരിധിവരെ തടയാനും മരണനിരക്ക് കുറയ്ക്കാനും കഴിഞ്ഞത് ലോകരാജ്യങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു. പ്രതിപക്ഷ പാർട്ടികൾ പോലും വൈറസ് പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

എന്നാൽ, നിരവധി ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകുകയും ചെറുകിട വ്യവസായം തകര്‍ച്ച നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിൽ വലിയ പ്രതിസന്ധികള്‍ മോദി നേരിടേണ്ടി വരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നിരുന്നാലും വലിയ രാഷ്ട്രീയ പിന്തുണയുള്ള നേതാവ് രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണം വൈറസ് ബാധയാണെന്ന് വാദിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് സൗത്ത് ഏഷ്യ പ്രോഗ്രാം ഡയറക്ടര്‍ മിലന്‍ വൈഷ്ണവ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.