അഴിമതിയിലൂടെ സമ്പാദിക്കുന്ന പണമാണ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. ലഹരി കടത്തും വ്യാപാരവും ഭാവി തലമുറകളെ പോലും ബാധിക്കുന്നതായി പ്രധാനമന്ത്രി.

ദില്ലി: തീവ്രവാദത്തിനും കുറ്റകൃത്യങ്ങൾക്കും അഴിമതിക്കുമെതിരെ ലോകരാജ്യങ്ങൾ കൈകോർക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുരക്ഷിതമായ ലോകമെന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. അഴിമതിക്കാർക്കും തീവ്രവാദികൾക്കും ലഹരിക്കടത്തുകാര്‍ക്കും സുരക്ഷിതമായി കഴിയാനുള്ള ഇടങ്ങൾ ലോകത്ത് ഉണ്ടാകാന്‍ പാടില്ല, ഉണ്ടായാല്‍ അത് ലോകത്തിന് മുഴുവന്‍ ഭീഷണിയാണെന്നും നരേന്ദ്രമോദി പറഞ്ഞു. ഇന്‍റർപോൾ തൊണ്ണൂറാമത് ജനറല്‍ അസംബ്ലി ദില്ലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. 25 വർഷത്തിന് ശേഷമാണ് ഇന്ത്യയില്‍ ജനറല്‍ അസംബ്ലി നടക്കുന്നത്. 195 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്.