ഹൂസ്റ്റണ്‍: യുഎസ് സെനറ്റര്‍ ജോണ്‍ കോര്‍നിന്‍റെ ഭാര്യയോട് മാപ്പ് പറഞ്ഞ് നരേന്ദ്രമോദി. 'ഹൗഡി മോദി' ചടങ്ങില്‍ പങ്കെടുക്കാനായി അമേരിക്കയില്‍ എത്തിയപ്പോഴാണ് സംഭവം. യുഎസ് സെനറ്റര്‍ ജോണ്‍ കോര്‍നിന്‍റെ ഭാര്യ സാന്‍ഡിയുടെ 60- മത്തെ പിറന്നാള്‍ ദിനമായിരുന്നു ഇന്നലെ. എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ ഭാര്യയ്ക്കൊപ്പം സമയം ചിലവിടാതെ ജോണ്‍ കോര്‍നിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പമായിരുന്നു ഉണ്ടായിരുന്നത്. ഇതേത്തുടര്‍ന്നാണ് സാന്‍ഡിയെ മോദി ആശ്വസിപ്പിക്കുകയും പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവ് തന്നോടൊപ്പമായിരുന്നതിന് ക്ഷമാപണം നടത്തുകയും ചെയ്തത്. 

പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇതിന്‍റെ വീഡിയോ പുറത്തുവിട്ടത്. ജോണ്‍ കോര്‍നിന്‍റെ ഭാര്യ സാന്‍ഡിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന മോദിയെയും ജോണ്‍ കോര്‍നിനെയും വീഡിയോയില്‍ കാണാം. 

'നിങ്ങളുടെ പിറന്നാള്‍ ദിനത്തില്‍ നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കേണ്ടിയിരുന്ന നിങ്ങളുടെ ജീവിതപങ്കാളി എന്നോടൊപ്പമായിരുന്നു ഉണ്ടായിരുന്നത്. അതില്‍ ഞാന്‍ നിങ്ങളോട് ക്ഷമാപണം നടത്തുകയാണ്. സ്വാഭാവികമായും നിങ്ങള്‍ക്ക് അസൂയയുണ്ടാകും. ഈ പിറന്നാള്‍ ദിനത്തില്‍ എന്‍റെ എല്ലാ ആശംസകളും അറിയിക്കുകയാണ്'. ഏറ്റവും സന്തോഷകരമായ ജീവിതമാകട്ടെ നിങ്ങള്‍ക്ക് മുന്നോട്ടുള്ളതെന്നും നരേന്ദ്ര മോദി ആശംസിച്ചു.

"

അമേരിക്കയിലെ ഇന്ത്യൻ സമൂഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകുന്ന സ്വീകരണ പരിപാടിയായ 'ഹൗഡി, മോദിയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ജോണ്‍ കോര്‍നിനും ഭാര്യ സാന്‍ഡിയും.