ദില്ലി: പ്രതിപക്ഷ പാർട്ടികൾക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ നിരസിച്ചവർ നുണകളും ആശയക്കുഴപ്പങ്ങളും പ്രചരിപ്പിക്കുകയാണെന്ന് മോദി പറഞ്ഞു. ബിജെപിക്കെതിരെയാണ് ഇവര്‍ എല്ലായിപ്പോഴും ശബ്ദമുയര്‍ത്തുന്നതെന്നും മോദി കുറ്റപ്പെടുത്തി. ബിജെപി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ജെ.പി നദ്ദയെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശയക്കുഴപ്പവും നുണയും പ്രചരിപ്പിക്കാൻ പ്രതിപക്ഷം ശ്രമിച്ചിട്ടും ബിജെപിയെയും സർക്കാരിനെയും കുറിച്ചുള്ള ജനങ്ങളുടെ വിശ്വാസം “അചഞ്ചലമായി” തുടരുകയാണെന്ന് മോദി പറഞ്ഞു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എതിരാളികൾ അവരുടെ പോരാട്ടം നടത്തിയിട്ടും കൂടുതൽ ശക്തിയോടെയാണ് പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയതെന്നും മോദി കൂട്ടിച്ചേർത്തു. 

Read More: അധികാരത്തിലെത്തിയാല്‍ പാര്‍ട്ടിയെ മറക്കുന്ന പാരമ്പര്യമല്ല ബിജെപിയുടേത്: നരേന്ദ്രമോദി

ബിജെപി ദേശീയ പ്രസിഡന്റ് എന്ന നിലയില്‍ പാര്‍ട്ടിയെ ഉയരങ്ങളിലെത്തിക്കാന്‍ നദ്ദക്ക് കഴയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മോദി പറഞ്ഞു. സ്ഥാനം ഒഴിയുന്ന അമിത് ഷായെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. മികച്ച സംഘാടകനും പ്രവര്‍ത്തകനുമാണ് അമിത് ഷായെന്ന് മോദി പറഞ്ഞു.