രാജ്യസഭയിൽ അടുത്തമാസം അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ്. 12 സംസ്ഥാനങ്ങളിൽ ഒഴിവുവരുന്ന 26 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 18നാണ് തെരഞ്ഞെടുപ്പ്. 

ദില്ലി: ഇന്ത്യൻ പാർലമെൻ്റിൻ്റെ ഉപരിസഭയായ രാജ്യസഭ അടുത്തമാസം അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. 12 സംസ്ഥാനങ്ങളിൽ ഒഴിവുവരുന്ന 26 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 18ന് നടക്കുമെന്നാണ് ഇക്കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ജൂൺ 21 മുതൽ ജൂലൈ 19 വരെയുള്ള കാലയളവിൽ അംഗങ്ങളുടെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് രാജ്യസഭ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. കാലാവധി പൂർത്തിയാകുന്നവരിൽ മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർ​ഗെ, മുതിർന്ന കോൺ​ഗ്രസ് നേതാവ് ദി​ഗ്‍വിജയ സിങ്, കേന്ദ്രമന്ത്രിമാരായ രവ്നീത് സിങ്, ജോ‍ർജ് കുര്യൻ എന്നിവരും ഉൾപ്പെടുന്നു.

Add Asianetnews as a Preferred SourcegooglePreferred

തെരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകൾ

ആന്ധ്രാ പ്രദേശ്, ​ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ നാല് വീതം സീറ്റുകളിലും മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ മൂന്ന് വീതം സീറ്റുകളിലും ജാ‍ർഖണ്ഡിലെ രണ്ട് സീറ്റുകലിലും മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലുമാണ് ജൂൺ 18ന് തെരഞ്ഞെടുപ്പ് നടക്കുക. കൂടാതെ, അന്നേദിവസം മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പും നടക്കും.

അണ്ണാ ഡിഎംകെ നേതാവ് സി വി ഷൺമുഖം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ രാജിവെച്ച ഒഴിവിലാണ് തമിഴ്നാട്ടിലെ രാജ്യസഭ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയിലാകട്ടെ, രാജ്യസഭാം​ഗമായിരുന്ന സുനേത്ര പവാർ നിയമസഭയിലേക്ക് തെര‍ഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്.

ഇത്തവണ ആർക്ക് നേട്ടം, നഷ്ടം?

നിലവിൽ തെരഞ്ഞെടുപ്പ് നടക്കുന്ന 26 സീറ്റുകളിൽ 18 സീറ്റുകളും കൈയാളുന്നത് എൻഡിഎ ആണ്. കോൺ​ഗ്രസിന് നാലും വൈ എസ് ആർ കോൺ​ഗ്രസിന് മൂന്നും ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് ഒരു സീറ്റുമാണ് ഉള്ളത്. നിയമസഭകളിലെ നിലവിലെ കണക്കുകൾ അനുസരിച്ച് ഇത്തവണ എൻഡിഎയ്ക്ക് ഒരു സീറ്റ് നഷ്ടപ്പെട്ട്, 17 സീറ്റുകളിൽ വിജയിക്കാം. അതേസമയം കോൺ​ഗ്രസിന് അം​ഗസംഖ്യ അഞ്ചായി ഉയ‍ർത്താനായേക്കാം. കൂടാതെ, ജാർഖണ്ഡ് മുക്തി മോർച്ച രണ്ട് സീറ്റിലും തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട്ടിൽ ഒരു സീറ്റിലും വിജയിക്കാനാണ് സാധ്യത.

മഹാരാഷ്ട്രയിലെ സീറ്റിൽ എൻഡിഎ വിജയിച്ചേക്കും. കർണാടകത്തിലെ നാലിൽ മൂന്ന് സീറ്റുകളിൽ കോൺ​ഗ്രസിനും ഒരു സീറ്റിൽ ബിജെപിക്കുമാണ് വിജയ സാധ്യത. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി രണ്ട് സീറ്റുകളിൽ വീതവും കോൺ​ഗ്രസ് ഓരോ സീറ്റുകളിൽ വീതവും തെരഞ്ഞെടുക്കപ്പെട്ടേക്കാം. തമിഴ്നാട് നിയമസഭയിൽ തമിഴക വെട്രി കഴകത്തിന് മേൽക്കൈ ഉള്ളതിനാൽ, പാർട്ടിക്ക് കന്നി രാജ്യസഭാ എംപിയെ ലഭിച്ചേക്കാം. ആന്ധ്രാ പ്രദേശിൽ തെലുങ്ക് ദേശം പാർട്ടി നാല് സീറ്റുകളിലും വിജയിക്കാനാണ് സാധ്യത. ​ഗുജറാത്തിൽ ബിജെപി നാല് സീറ്റുകളിലും വിജയിച്ചേക്കാം. ജാർഖണ്ഡിൽ ജാർഖണ്ഡ് മുക്തി മോർച്ച - കോൺ​ഗ്രസ് സഖ്യം രണ്ട് സീറ്റിലും തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത, എന്നാൽ ക്രോസ് വോട്ടിങ്ങിലൂടെ ബിജെപി ഒരു സീറ്റ് പിടിച്ചെടുക്കാൻ ശ്രമിച്ചേക്കാം.

രാജ്യസഭയിലെ അം​ഗസംഖ്യ

244 അം​ഗ രാജ്യസഭയിൽ നിലവിൽ എൻഡിഎയ്ക്ക് 149 അം​ഗങ്ങളാണ് ഉള്ളത്. പ്രതിപക്ഷത്തിൻ്റെ അം​ഗസംഖ്യ 78 ഉം പ്രാദേശിക പാ‍ർട്ടികൾക്ക് 17 സീറ്റുകളുമാണ് ഉള്ളത്.