ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്‍റ്  ജോ ബൈഡനുമായി സംസാരിച്ചു. ജോ ബൈഡന് എല്ലാവിധ ആശംസകളും നേർന്നുവെന്ന് നരേന്ദ്ര മോദിയുടെ ട്വീറ്റ് ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സംയുക്തമായി പ്രവർത്തിക്കും.

ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും സുരക്ഷയും ശക്തിപ്പെടുത്താൻ നയതന്ത്ര ബന്ധം ഉപയോഗപ്പെടുത്തും. ബൈഡനുമായി ആഭ്യന്തര വിഷയങ്ങളെ കുറിച്ചും സംസാരിച്ചതായി മോദി ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം, ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തെ കുറിച്ച് ചര്‍ച്ച നടന്നതായുള്ള വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. 

ഹോളിവുഡ് നടിയും ഗായികയുമായ റിഹാന കർഷക സമരത്തെ ഏറ്റെടുത്ത് വിമർശിച്ചതിന് പിന്നാലെ ഉണ്ടായ വിവാദങ്ങളും വിമർശനങ്ങളും തുടരുന്നതിനിടെ കർഷകസമരത്തിൽ അമേരിക്ക നിലപാട് വ്യക്തമാക്കിയിരുന്നു. സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിൻ്റെ മുഖമുദ്രയാണെന്നും ഇന്ത്യൻ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ഉറപ്പാക്കുകയും ചെയ്യുന്ന പരിഷ്കാരങ്ങളെ സ്വാഗതം ചെയ്യുന്നതായും അമേരിക്ക വ്യക്തമാക്കി.

ഇന്ത്യയിലെ കർഷകസമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് യുഎസ് സ്റ്റേറ്റ് മാധ്യമവക്താവ് ഇക്കാര്യത്തിലെ ബൈഡൻ ഭരണകൂടത്തിന്‍റെ നിലപാട് വ്യക്തമാക്കിയത്. കാർഷിക മേഖലയിലെ സാമ്പത്തിക പരിഷ്കാരങ്ങളെ പിന്തുണയ്ക്കുമ്പോൾ തന്നെ കർഷകരുടെ ആശങ്കകളും പരാതികളും സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കണം എന്നു പറഞ്ഞു കൊണ്ട് കർഷകരേയും കേന്ദ്രസർക്കാരിനേയും ഒരു പോലെ ഒപ്പം നിർത്തുന്ന പ്രതികരണമാണ് കർഷക പ്രശ്നത്തിൽ അമേരിക്ക നടത്തിയത്.