ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണച്ചൂട് കനത്ത ദില്ലിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു. രാജ്യതലസ്ഥാനത്ത് ബിജെപിയെ അധികാരത്തിലെത്തിക്കുക എന്ന ലക്ഷ്യവുമായി രണ്ട് ദിവസങ്ങളിലായാണ് മോദി പ്രചാരണത്തിന് എത്തുക. കേന്ദ്ര മന്ത്രി ഹര്‍ഷ് വര്‍ധനാണ് ഇക്കാര്യം അറിയിച്ചത്.

സിബിഡി ഗ്രൗണ്ടില്‍ ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് ശേഷം 2.30നാണ് മോദിയുടെ ആദ്യ പൊതുയോഗം. ഫെബ്രുവരി നാലിന് രാംലീല മൈതാനത്താണ് രണ്ടാമത്തെ യോഗം. അ‌ഞ്ചിന് വൈകുന്നേരം അഞ്ചിനാണ് പരസ്യ പ്രചാരണം അവസാനിക്കുക. എട്ടിനാണ് വോട്ടെടുപ്പ്. അതേസമയം,  ദില്ലിയില്‍ ബിജെപിക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രചാരണവിലക്ക് വന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദില്ലിയിൽ വര്‍ഗീയ പരാമര്‍ശങ്ങളും പ്രസ്താവനകളും നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, എംപി പര്‍വേശ് വെര്‍മ എന്നിവരെയാണ് കമ്മീഷന്‍ വിലക്കിയത്. അനുരാഗ് താക്കൂറിന് 72 മണിക്കൂര്‍, പര്‍വേശ് വര്‍മ്മയ്ക്ക് 96 മണിക്കൂര്‍ നേരത്തേക്കും പ്രചാരണത്തിന് ഇറങ്ങനാന്‍ സാധിക്കില്ല.

നേരത്തെ, ഇരുനേതാക്കളെയും താരപ്രചാരകരുടെ പട്ടികയിൽ നിന്ന് നീക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രചാരണവിലക്കും വന്നിരിക്കുന്നത്. 

'തോക്കുമായി അയാള്‍ നടന്നടുക്കുമ്പോള്‍ അവര്‍ കൈകെട്ടി നോക്കിയിരുന്നു'; ദില്ലി പൊലീസിനെതിരെ ദൃക്സാക്ഷികള്‍