ദില്ലി: മൂന്ന് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ദീര്‍ഘകാലമായുള്ള രാജ്യത്തിന്‍റെ സുഹൃത്ത് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സന്ദര്‍ശനം സഹായിക്കുമെന്നും സഹകരണത്തിന്‍റെ പുതിയ മേഖലകള്‍ കണ്ടെത്താനും സാധിക്കുമെന്നുമാണ്.ഫ്രാന്‍സ്, യുഎഇ, ബഹ്റിന്‍ തുടങ്ങിയ മൂന്ന് രാജ്യങ്ങളാണ് ഓഗസ്റ്റ് 22 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ മോദി സന്ദര്‍ശിക്കുക.

 ഇന്ന് വൈകിട്ട് (22/08/16)  ഫ്രാന്‍സിലെത്തുന്ന മോദി നാളെ പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുമായും പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഇന്ത്യന്‍ കമ്മ്യൂണിറ്റുമായി കൂടിക്കാഴ്ച നടത്തുകയും 1950,1960 കാലഘട്ടത്തില്‍ ഫ്രാന്‍സിലുണ്ടായ രണ്ട് എയര്‍ ഇന്ത്യ  വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാര്‍ക്കായുള്ള സ്മാരകം സമര്‍പ്പിക്കുകയും ചെയ്യും.

ഓഗസ്റ്റ് 23 മുതല്‍ 24 വരെ നടത്തുന്ന യുഎഇ സന്ദര്‍ശനത്തില്‍ കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി മോദി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും. അന്താരാഷ്ട്രതലത്തിലും പ്രാദേശിക തലത്തിലും ഇരുരാജ്യങ്ങളും നേരിടുന്ന പൊതുപ്രശ്നങ്ങളിലായിരിക്കും ചര്‍ച്ച. പണരഹിത ഇടപാടുകള്‍ വിദേശത്ത് വ്യാപിപ്പിക്കുന്നതിനായി റുപേ കാര്‍ഡും മോദി ഇവിടെ ലോഞ്ച് ചെയ്യും. ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ അയക്കുന്ന നാലാമത്തെ വലിയ രാജ്യമാണ് യുഎഇ.

24,25 തിയതികളില്‍ നടത്തുന്ന ബഹ്റിന്‍ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് വേണ്ടി ബഹ്റിന്‍ രാജകുമാരന്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുമായിയി ചര്‍ച്ച നടത്തും. കൂടാതെ അന്താരാഷ്ട്രതലത്തിലും പ്രാദേശിക തലത്തിലും ഇരുരാജ്യങ്ങളും നേരിടുന്ന പൊതുപ്രശ്നങ്ങളെക്കുറിച്ചും ചര്‍ച്ചയുണ്ടാകും. പിന്നീട് വീണ്ടും ഫ്രാന്‍സിലേക്ക് തിരിക്കും. ഫ്രാന്‍സില്‍ നടക്കുന്ന ജി -7 സമ്മേളനത്തില്‍ മോദി പങ്കെടുക്കും.