നാസിക് ടിസിഎസ് കേസിൽ ഒന്നാംപ്രതി ഡാനിഷ് ഷെയ്ഖിനെതിരെ എസ്‍ സി, എസ്‍ടി നിയമപ്രകാരവുമുള്ള വകുപ്പ് കൂടി ചുമത്തി പൊലീസ്. പരാതി നൽകിയ യുവതി പട്ടിക വിഭാഗത്തിൽ നിന്നായതുകൊണ്ടാണ് നടപടി. കേസിലെ പ്രതിയായ നിദാ ഖാനെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. എന്നാൽ, നിദാ ഖാനെതിരായ പരാതി വ്യാജമെന്ന് കുടുംബം ആരോപിച്ചു
ദില്ലി: നാസിക് ടിസിഎസ് കേസിൽ ഒന്നാംപ്രതി ഡാനിഷ് ഷെയ്ഖിനെതിരെ എസ്‍ സി, എസ്‍ടി നിയമപ്രകാരവുമുള്ള വകുപ്പ് കൂടി ചുമത്തി പൊലീസ്. പരാതി നൽകിയ യുവതി പട്ടിക വിഭാഗത്തിൽ നിന്നായതുകൊണ്ടാണ് നടപടി. കേസിലെ പ്രതിയായ നിദാ ഖാനെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. എന്നാൽ, നിദാ ഖാനെതിരായ പരാതി വ്യാജമെന്ന് കുടുംബം ആരോപിച്ചു.ലൈംഗികാതിക്രമം, മതപരിവർത്തനം തുടങ്ങിയ ആരോപണങ്ങളിലാണ് നാസിക് ടിസിഎസ് കേസിലെ മുഖ്യപ്രതി ഡാനിഷിനെതിരെ കേസ് എടുത്തിരുന്നത്. എന്നാൽ, പട്ടിക ജാതി പട്ടിക വർഗം അതിക്രമങ്ങൾ തടയൽ നിയമ പ്രകാരമുള്ള വകുപ്പ് കൂടി എഫഐആറിൽ ഉൾപ്പെടുത്തിയത് ചർച്ചയാകുകയാണ്. നിലവിലെ ആരോപണങ്ങൾക്ക് തെളിവുണ്ടെങ്കിൽ പിന്നെ എന്തിനീ വകുപ്പെന്നാണ് ഉയരുന്ന ചോദ്യം.
ആദ്യം പരാതി നൽകിയ യുവതി പട്ടിക വിഭാഗത്തിൽ നിന്നായതിനാൽ ഇത് ചുമത്തിയെന്ന് മാത്രമാണ് പൊലീസ് വിശദീകരണം. ദേശീയ വനിത കമ്മീഷൻ നിയോഗിച്ച സംഘവും നാസിക്കിൽ എത്തി അന്വേഷണം നടത്തുകയാണ്. കേസിൽ ഇനിയും അറസ്റ്റിലാകാനുള്ള നിദാ ഖാനെ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്. ഇതിനായി പ്രത്യേക സംഘം മുംബൈയിൽ എത്തി. നിദാ ഖാൻ താമസിച്ചിരുന്ന സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. നിദ കമ്പനിയിലെ എച്ച് ആർ മാനേജർ ആണെന്ന പ്രചാരണം കുടുംബം തള്ളികളഞ്ഞു. നിദ സാധാരണ ജീവനക്കാരിയാണെന്ന് കുടുംബം അറിയിച്ചു. ടിസിഎസും ഈക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് കള്ളക്കഥ മെനയുകയാണെന്നും നാസിക്കിലെ വിവാദ ആൾദൈവം അശോക് കരാട്ടിനെതിരെയുള്ള സ്തീപീഡനപരാതികളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കമാണെന്നും കുടുംബം ആരോപിച്ചു.


