ദില്ലി: പൗരത്വ ബില്ലിനെതിരായി ദില്ലിയിൽ നടന്ന പ്രതിഷേധത്തിനിടെ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകർക്ക് പരിക്ക്. ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം ദില്ലിയിൽ തെരുവുയുദ്ധത്തിലേക്ക് വഴിമാറിയിരുന്നു. വാർത്ത റിപ്പോർട്ട് ചെയ്യാൻ ഇവിടെയെത്തിയ ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോർട്ടർ ധനേഷിനും ക്യാമറമാൻ വസീം സെയ്ദിക്കുമാണ് കല്ലേറിൽ പരിക്കേറ്റത്.

പാർലമെന്റിലേക്കായിരുന്നു വിദ്യാർത്ഥികളുടെ മാർച്ച്. ഇത് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘർഷം ആരംഭിക്കുകയായിരുന്നു. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ വിദ്യാർത്ഥികളും പൊലീസും തമ്മിൽ കല്ലേറ് തുടങ്ങി. ഇതിനിടെയാണ് ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റത്. പ്രതിഷേധക്കാരെ മടക്കി അയക്കാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഒരു മണിക്കൂറോളം സംഘർഷം നീണ്ടു നിന്നു. തലസ്ഥാനം അക്ഷരാർത്ഥത്തിൽ തെരുവുയുദ്ധത്തിന് സാക്ഷിയാവുകയായിരുന്നു.