ദില്ലി: നാഷണല്‍ ഹെറാള്‍ഡ് ഭൂമി ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ എന്നിവര്‍ക്കെതിരെ പഞ്ച്കുല കോടതിയിലാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്. നാഷണല്‍ ഹെറാള്‍ഡ്  പത്രത്തിന്‍റെ  ഉടമയായ അസോസിയേറ്റഡ് ജേര്‍ണല്‍ കമ്പനിക്ക് അനധികൃതമായി ഭൂമി അനുവദിച്ചുവെന്ന കേസിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 

2005-ല്‍ ഭൂപീന്ദര്‍ സിംഗ് ഹൂഡ ഹരിയാന മുഖ്യമന്ത്രിയായിരുന്ന കാലത്ത് 65 കോടിയോളം വിലവരുന്ന ഭൂമി 1982ലെ നിരക്കില്‍ അസോസിയേറ്റഡ് ജേര്‍ണലിന് കൈമാറിയെന്നാണ് കേസ്. ഇത് മൂലം സര്‍ക്കാരിന് ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടായെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇടപാട് നടക്കുമ്പോള്‍ മോത്തിലാല്‍ വോറ അസോസിേയേറ്റഡ് ജേര്‍ണലിന്‍റെ ചെയര്‍മാനായിരുന്നു. നിയമവിരുദ്ധമായി കിട്ടിയ ഭൂമി കൈവശം വച്ചനുഭവിച്ചുവെന്നാണ് വോറക്കെതിരായ കേസ്.