ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ സ്വഭാവ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ച്  നവഭാരത് ടൈംസ് പത്രത്തിന്‍റെ സര്‍വേ. 134 സ്ഥാനാര്‍ത്ഥികളിലാണ് സര്‍വേ നടത്തിയത്. 45 ശതമാനം സ്ഥാനാര്‍ത്ഥികള്‍ ഒരിക്കല്‍ പോലും  പ്രണയിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. 41 ശതമാനം പേര്‍ നുണ പറയാറില്ലെന്നും അവകാശപ്പെട്ടു. പല മാധ്യമങ്ങളും കടുകട്ടിയായ ചോദ്യങ്ങളും രാഷ്ട്രീയവും വികസനവും മുന്‍നിര്‍ത്തി സര്‍വേ തയ്യാറാക്കിയപ്പോഴാണ് നവഭാരത് ലളിതമായ ചോദ്യങ്ങള്‍ തയ്യാറാക്കി സര്‍വേ നടത്തിയത്. സ്ഥാനാര്‍ത്ഥികളുടെ സ്നേഹ ബന്ധങ്ങള്‍, വായന, കുട്ടിക്കാല സ്വപ്നങ്ങള്‍ തുടങ്ങിയവയാണ് ചോദ്യങ്ങള്‍ക്കാധാരമായത്. ഇതുവരെ പ്രണയത്തില്‍ വീണിട്ടില്ലെന്ന 45 ശതമാനം സ്ഥാനാര്‍ത്ഥികളുടെ അവകാശവാദമാണ് ഏറ്റവും രസകരം. 

പ്രണയിക്കാത്തതിന് പലര്‍ക്കും പലതാണ് കാരണം. ചിലര്‍ ബ്രഹ്മചാരിയായ ഹനുമാന്‍ ഭക്തരാണ്. ചിലര്‍ക്കാകട്ടെ പ്രണയത്തില്‍ വിശ്വാസമില്ല. 41 ശതമാനം പേര്‍ തീരെ നുണപറയാറില്ലെന്നും വ്യക്തമാക്കി. 60 ശതമാനം സ്ഥാനാര്‍ത്ഥികള്‍ സ്വന്തം കുട്ടികളെ സ്വാകാര്യ സ്കൂളുകളിലേക്കാണ് അയക്കുന്നത്. 20 ശതമാനം പേര്‍ കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളിലേക്കയക്കുന്നു. വായനക്കായി വളരെ അപൂര്‍വമായി മാത്രമേ സമയം ലഭിക്കാറുള്ളൂവെന്നാണ് 21 ശതമാനം സ്ഥാനാര്‍ത്ഥികളും അഭിപ്രായപ്പെട്ടത്. പഠനത്തില്‍ ശരാശരിയായിരുന്നുവെന്ന് 41 ശതമാനം പേരും വെളിപ്പെടുത്തി. രാഷ്ട്രീയത്തില്‍ ഉന്നത വിദ്യാഭ്യാസം വേണമെന്ന് മിക്കവര്‍ക്കും അഭിപ്രായമില്ല. 85 ശതമാനം പേരും മദ്യപിക്കില്ലെന്ന് പറഞ്ഞപ്പോള്‍ ഏഴ് ശതമാനം പേര്‍ പാര്‍ട്ടികളില്‍ ചെറിയ രീതിയില്‍ മദ്യപിക്കുമെന്ന് പറഞ്ഞു. 

കടുകട്ടി ചോദ്യങ്ങളിലൂടെ മാത്രമല്ല, ലളിതമായ ചോദ്യങ്ങളിലൂടെയും ജനപ്രതിനിധികളാകാന്‍ പോകുന്നവരുടെ ജീവിത നിലവാരം മനസ്സിലാക്കാന്‍ സാധിക്കുമെന്ന് നവഭാരത് ടൈംസ് പറയുന്നു.