മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയും സിദ്ദുവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പുതിയ പോര്‍മുഖമാണ് തുറന്നിരിക്കുന്നത്. സിദ്ദു രാജിയാവശ്യം ഉന്നയിച്ച എജിയുടെ രാജിക്കത്ത് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തള്ളിയിരുന്നു. 

ദില്ലി: പഞ്ചാബ് (Punjab) പിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെക്കാനുള്ള തീരുമാനം പിന്‍വലിച്ച് നവ്‌ജോത് സിങ് സിദ്ദു(Navjot Sidhu). എന്നാല്‍ പാര്‍ട്ടിക്ക് മുന്നില്‍ പുതിയ നിബന്ധന വെച്ചാണ് സിദ്ദു രാജി തീരുമാനം പിന്‍വലിക്കുന്നെന്ന് വ്യക്തമാക്കിയത്. പഞ്ചാബ് അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്തുനിന്ന് എപിഎസ് ഡിയോളിനെ (APS Deol) മാറ്റി പുതിയ അഡ്വക്കറ്റ് ജനറലിനെ നിയമിച്ചാല്‍ മാത്രമേ താന്‍ ഓഫിസില്‍ തിരിച്ചെത്തൂവെന്ന് സിദ്ദു വ്യക്തമാക്കി. രാജി പിന്‍വലിക്കുകയാണ്. എന്നാല്‍ പുതിയ എജിയെ നിയമിക്കുന്ന അന്ന് ഓഫിസിലെത്തി ചുമതലയേറ്റെടുക്കും-സിദ്ദു പറഞ്ഞു. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയും (Charanjith singh channi) സിദ്ദുവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പുതിയ പോര്‍മുഖമാണ് തുറന്നിരിക്കുന്നത്.

സിദ്ദു രാജിയാവശ്യം ഉന്നയിച്ച എജിയുടെ രാജിക്കത്ത് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തള്ളിയിരുന്നു. അതുകൊണ്ടു തന്നെ സിദ്ദുവിന്റെ ആവശ്യം പാര്‍ട്ടിക്ക് തലവേദനയാകും. വിവാദമായ വെടിവെപ്പ് കേസില്‍ ആരോപണവിധേയനായ പൊലീസുകാരനുവേണ്ടി എപിഎസ് ഡിയോള്‍ ഹാജരായി എന്നാണ് സിദ്ദു ഉന്നയിക്കുന്ന വിഷയം. സിഖ് മതഗ്രന്ഥത്തെ അവഹേളിക്കുകയും പ്രതിഷേധക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്ത കേസില്‍ പ്രതിയായ മുന്‍ പൊലീസ് മേധാവി സുമേദ് സൈനിക്കുവേണ്ടിയാണ് ഡിയോള്‍ കോടതിയില്‍ ഹാജരായത്. സിദ്ദുവിന്റെ നിരന്തരമായ വിമര്‍ശനത്തെ തുടര്‍ന്ന് രാദിവെക്കാന്‍ തയ്യാറാണെന്ന് ഡിയോള്‍ അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രാജി മുഖ്യമന്ത്രി തള്ളിയതായാണ് സൂചന.

നേരത്തെ കേസ് അന്വേഷിച്ച തലവനും ഇപ്പോഴത്തെ ഡിജിപിയുമായ സഹോതയെ മാറ്റമമെന്നും സിദ്ദു ആവശ്യപ്പെട്ടിരുന്നു. പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങുമായുള്ള തുറന്ന യുദ്ധത്തിന് ശേഷവും സിദ്ദു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് പുതിയ വിവാദങ്ങള്‍ പറയുന്നത്. അമരീന്ദര്‍ സിങ്ങിനെ മാറ്റി ചരണ്‍ജിത് സിങ്ങിനെ മുഖ്യമന്ത്രിയായി നിയമിച്ചതും സിദ്ദുവിനെ തൃപ്തിപ്പെടുത്തിയിട്ടില്ല.