തെരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ നാടകം കളിക്കുന്നത് ബിജെപിയുടെ സ്ഥിരം പരിപാടിയാണ്. 500 പേരെ റാലിക്കുള്ളുവെന്ന് പ്രധാനമന്ത്രിക്ക് അറിയാമായിരുന്നുവെന്നും സിദ്ദു പറഞ്ഞു.
ദില്ലി: സുരക്ഷ വീഴ്ചയെന്ന ആരോപണം നാടകമെന്ന് പഞ്ചാബ് പി സി സി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു (Navjot Singh Sidhu). സുരക്ഷയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് (Narendra Modi) ഭയമാണെന്ന് നവജ്യോത് സിങ് സിദ്ദു വിമര്‍ശിച്ചു. പഞ്ചാബിൽ ബിജെപിക്ക് ഒരു പിന്തുണയുമില്ലെന്ന് വ്യക്തമായിരിക്കുകയാണ്. പഞ്ചാബിലെ യഥാർത്ഥ പ്രശ്നങ്ങൾ അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കർഷകർ പ്രധാനമന്ത്രിക്ക് ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല. കർഷകരെ ഖലിസ്ഥാനികൾ ആക്കി ബിജെപി ചിത്രീകരിക്കുകയാണെന്ന് നവജ്യോത് സിങ് സിദ്ദു വിമര്‍ശിച്ചു. പഞ്ചാബിൽ പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയില്ല. പഞ്ചാബിനെ മോശമായി ചിത്രീകരിക്കാൻ മോദി ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ നാടകം കളിക്കുന്നത് ബിജെപിയുടെ സ്ഥിരം പരിപാടിയാണ്. 500 പേരെ റാലിക്കുള്ളുവെന്ന് പ്രധാനമന്ത്രിക്ക് അറിയാമായിരുന്നുവെന്നും സിദ്ദു പറഞ്ഞു. ദുർബലനായ പ്രധാനമന്ത്രിക്ക് കീഴിൽ ഇന്ത്യ സുരക്ഷിതമല്ലെന്ന് കോൺഗ്രസ് വക്താവ് അൽകാ ലാംബ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികള്‍ക്കായി പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയാണ് പ്രതിഷേധമുണ്ടായത്. ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് വരെ ഒരു ഫ്‌ലൈ ഓവറില്‍ കുടുങ്ങുകയായിരുന്നു.
