Asianet News MalayalamAsianet News Malayalam

സമുദ്രത്തിലെ സമാധാനം വലിയ ഉത്തരവാദിത്വം; വെല്ലുവിളികൾ നേരിടാൻ സജ്ജമെന്ന് നാവിക സേനാ മേധാവി ഹരികുമാർ

ചൈനീസ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം കൂടി വരുന്നുണ്ട്. ഇതിനെ നേരിടാൻ തയ്യാറെടുപ്പുകൾ ആവശ്യമാണ്. തദ്ദേശീയമായി നിർമ്മിക്കുന്ന കപ്പലുകളുടെ എണ്ണം കൂട്ടും, കപ്പലുകളും മുങ്ങിക്കപ്പലുകളുമായി 40 എണ്ണം നിർമ്മാണത്തിലിരിക്കുകയാണ് ഇപ്പോൾ തന്നെ.

Navy Chief R Harikumar ready for the challenge acknowledges its a tough job
Author
Mumbai, First Published Nov 13, 2021, 4:14 PM IST

മുംബൈ: നാവിക സേനാ മേധാവിയായി ( Navy Chief) നിയമിതനായത് അഭിമാന നിമിഷമെന്ന് വൈസ് അഡ്മിറൽ ആർ ഹരികുമാർ ( R Harikumar). കഠിനാധ്വാനവും പ്രൊഫഷണലിസവുമാണ് നേട്ടത്തിന് കാരണമെന്നും ഹരികുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അമ്മയുടെ ത്യാഗം കൂടിയാണ് ഈ നേട്ടത്തിന് പിന്നിലെന്നും ഹരികുമാർ പറയുന്നു. 

സമുദ്രത്തിലെ സമാധാനം വലിയ ഉത്തരവാദിത്വമാണ്, വ്യാപാര മേഖല ഈ സമാധാന ക്രമം ആശ്രയിച്ചാണ് നിലനിൽക്കുന്നത്. പാക്കിസ്ഥാനൊപ്പം ചൈനയും ഇപ്പോൾ സമാധാന അന്തരീക്ഷത്തിന് ഭീഷണി ഉയർ‍ത്തുന്നുണ്ടെന്ന് വൈസ് അഡ്മിറൽ പറയുന്നു. ചൈനീസ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം കൂടി വരുന്നുണ്ട്. ഇതിനെ നേരിടാൻ തയ്യാറെടുപ്പുകൾ ആവശ്യമാണ്. തദ്ദേശീയമായി നിർമ്മിക്കുന്ന കപ്പലുകളുടെ എണ്ണം കൂട്ടും, കപ്പലുകളും മുങ്ങിക്കപ്പലുകളുമായി 40 എണ്ണം നിർമ്മാണത്തിലിരിക്കുകയാണ് ഇപ്പോൾ തന്നെ. 2035 വരെയുള്ള പ്ലാൻ തയ്യാറാണെന്നാണ് നാവിക സേനയുടെ പുതിയ മേധാവി പറയുന്നത്.

കൊച്ചിൻ ഷിപ്പിയാർഡിന്‍റെ സേവനം മികച്ചത്

കൊച്ചിൻ ഷിപ്പിയാർഡിനെക്കുറിച്ച് നല്ല വാക്കുകൾ മാത്രമേ ഹരികുമാറിന് പറയാനുള്ളൂ. മികച്ച പ്രവ‍‌ർത്തനമാണ് ഷിപ്പ്‍യാർഡിൻ്റേത്. നല്ല ജോലി രീതി, പുതിയ കാലത്തിന് യോജിച്ച എല്ലാ സംവിധാനങ്ങളുമുണ്ട്.  ഐഎൻഎസ് വിക്രാന്തിന്‍റെ നിർമ്മാണം ഇത് തെളിയിക്കുന്നു. 2022 ഓഗസ്റ്റിൽ വിക്രാന്ത് കമ്മീഷൻ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ഹരികുമാർ കൂട്ടിച്ചേർത്തു. 

ചുഴലിക്കാറ്റ് അടക്കം പ്രകൃതി ദുരന്തങ്ങളെ നേരിടാനും നേവി സജ്ജമാണ്. ഐഎൻഎസ് വിരാട് പൊളിക്കേണ്ടി വന്നതിൽ ദുഖമുണ്ടെന്ന് പറഞ്ഞ ഹരികുമാർ മ്യൂസിയമായെങ്കിലും നിലനിർത്താൻ കഴിയാതിരുന്നതിൽ സങ്കടമുണ്ടെന്നും കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios